Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുണ്ടാറിന്റെ ഗ്രാമീണ ഭംഗി നുകരാന്‍ ഇസ്രായേല്‍ സംഘമെത്തി
10/02/2023
മുണ്ടാറിലെത്തിയ ഇസ്രായേലില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍.

വൈക്കം: ടൂറിസത്തിന്റെ പറുദീസയായ മുണ്ടാറിന്റെ ഗ്രാമീണ സൗന്ദര്യം നുകരാന്‍ ഇസ്രായേലില്‍നിന്നും 20 പേരടങ്ങുന്ന സംഘം എത്തി. കുമരകത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇസ്രായേല്‍ സംഘം കാപ്പുന്തല നീരാളത്തില്‍ ബേബി, മുണ്ടാര്‍ സ്വദേശി വാസുദേവന്‍, പാലാംകടവ് സ്വദേശി സുനീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുണ്ടാറിലെത്തിയത്. തോട്ടകത്തു നിന്ന് കരിയാറിലൂടെ ഹൗസ് ബോട്ടില്‍ സഞ്ചരിച്ചു നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മുണ്ടാറിലെത്തിയ സംഘത്തിന് നാടിന്റെ പ്രശാന്തത ഏറെ ഹൃദ്യമായി.
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഗ്രാമീണ ജീവിതം അനുഭവേദ്യമാക്കി തദ്ദേശവാസികള്‍ക്കു കൂടി പ്രയോജനപ്പെടുന്ന വിധത്തിലാണ് ടൂറിസ്റ്റുള്‍ക്കായി വിവിധ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗ്രാമവാസികളായ 15 സ്ത്രീകളും അഞ്ചു പുരുഷന്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് കയര്‍ പിരി, കള്ളു ചെത്ത്, തെങ്ങുകയറ്റം, വലവീശല്‍, ഓല മെടയല്‍, പാനെയ്ത്ത്, അവില്‍ ഇടിക്കല്‍ എന്നിവയും കലാപരിപാടികളും അവതരിപ്പിച്ചത്. വീട്ടമ്മമാരുടെ അവിലിടിക്കലില്‍ വിദേശികളും പങ്കുചേര്‍ന്നു. കരിയാറില്‍ ചൂണ്ടയിട്ട് മീന്‍പിടിച്ചും പ്രദേശവാസി വലവീശി പിടിച്ച പിടയ്ക്കുന്ന മീനുകളെ കൈയിലെടുത്ത് ആറ്റിലേക്ക് തിരിച്ചു വിട്ടും വിദേശ വനിതകള്‍ ആഹ്ലാദരിതരായി.
തെങ്ങില്‍ നിന്ന് ചെത്തിയിറക്കിയ കള്ളിന്‍ മധുരം നുകര്‍ന്നും നാട്ടുകാര്‍ക്കൊപ്പം ആടിപ്പാടിയ സഞ്ചാരികള്‍ ഉച്ചയ്ക്ക് തൂശനിലയില്‍ പപ്പടം പഴം പായസമടക്കം കേരളീയ സദ്യ ഉണ്ട് മനസു നിറച്ചു. നാടന്‍ കലാരൂപങ്ങളും ഗ്രാമീണ തൊഴിലുകളും കണ്ടറിഞ്ഞ കണ്‍ തിളക്കത്തില്‍ ഉള്ളുനിറഞ്ഞ് വീണ്ടും വരുമെന്നു ഉറപ്പു പറഞ്ഞാണ് സഞ്ചാരികള്‍ മടങ്ങിയത്.