Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെട്ടിക്കാട്ടുമുക്ക്-എറണാകുളം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
25/04/2016
കഴിഞ്ഞ ദിവസം വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപമുള്ള വളവില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം.

വെട്ടിക്കാട്ടുമുക്ക്-എറണാകുളം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ഗതാഗതത്തിന് ഭീഷണിയാകുന്നു. നീര്‍പ്പാറ മുതല്‍ വെട്ടിക്കാട്ടുമുക്ക് വരെയുള്ള റോഡില്‍ ഒരു ദിവസം ചുരുങ്ങിയത് അഞ്ച് അപകടങ്ങളെങ്കിലും സംഭവിക്കുന്നു. അമിതവേഗമാണ് എല്ലാദുരന്തങ്ങള്‍ക്കും വഴിവെക്കുന്നത്. റോഡുകള്‍ ആധുനികവല്‍ക്കരിച്ചതോടെ വലുതും ചെറുതുമായ വാഹനങ്ങള്‍ ഒരുപോലെ ചീറിപ്പായുന്നു. കഴിഞ്ഞ ദിവസം വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപമുള്ള കൊടുംവളവില്‍ ടാങ്കല്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. അമിതവേഗതയില്‍ വന്ന ടാങ്കര്‍ ഓട്ടോയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരന് നിസാരപരുക്കേറ്റു. അപകടവളവ് നിവര്‍ത്തണമെന്നും റോഡില്‍ സംരക്ഷണഭിത്തി സ്ഥാപിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കൊടുംവളവില്‍ സ്വകാര്യ, ടൂറിസ്റ്റ് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു. റോഡിനുസമീപം പ്രവര്‍ത്തിക്കുന്ന മദ്രസയിലേക്ക് പോകുന്ന കുരുന്നുകള്‍ പലപ്പോഴും അപകടത്തില്‍പ്പെടാതെ അത്ഭുതകരമായാണ് രക്ഷപെടുന്നത്. ഇവര്‍ മദ്രസയിലേക്ക് പോകുന്നത് പലപ്പോഴും ഭയന്നുവിറച്ചാണ്. ഇതൊന്നും കണ്ടില്ലെന്ന ഭാവമാണ് പഞ്ചായത്തും പൊതുമരാമത്തും പുലര്‍ത്തിപ്പോരുന്നത്.
റോഡ് ആധുനികവല്‍ക്കരിച്ച സമയത്ത് അപകടങ്ങള്‍ കുറക്കുവാന്‍ റോഡിന് ഇരുവശങ്ങളില്‍ സ്ഥാപിച്ചിരുന്ന ദിശാബോര്‍ഡുകള്‍ പലതും ഇന്ന് മണ്‍മറഞ്ഞിരിക്കുകയാണ്. വിഷയത്തില്‍ സമര്‍ദ്ദം ചെലുത്തേണ്ട വാഹനവകുപ്പും നിഷ്‌ക്രിയത്വമാണ് പുലര്‍ത്തുന്നത്. വെട്ടിക്കാട്ട്മുക്ക്, ഡി.ബി കോളേജ്, വടകര, വരിക്കാംകുന്ന് ഭാഗങ്ങളിലാണ് ഏറ്റവുമധികം അപകടങ്ങള്‍ സംഭവിക്കുന്നത്. ഇവിടെ റോഡിലെ വില്ലന്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ്. അമിതവേഗതയില്‍ പായുന്ന ലിമിററഡ് ബസുകള്‍ ദിവസേന ഒരു അപകടമെങ്കിലും വിളിച്ചുവരുത്തുന്നു. ഉത്തരവാദിത്വപ്പെട്ടവര്‍ വിഷയത്തില്‍ മൗനം പാലിക്കുന്നതാണ് ഇവര്‍ക്ക് അനുഗ്രഹമാകുന്നത്. വെട്ടിക്കാട്ട്മുക്ക് പാലത്തിലൂടെയുള്ള കാല്‍നട യാത്ര പലപ്പോഴും ഭീതിജനകമാണ്. രണ്ട് ബസുകള്‍ ഒരേസമയം ഇരുധ്രുവങ്ങളില്‍ നിന്നും എത്തിയാല്‍ പെട്ടുപോകുന്നത് കാല്‍നട യാത്രക്കാരാണ്. പാലത്തില്‍ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇവിടെയെല്ലാം അധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. വെട്ടിക്കാട്ട് മുക്ക് ജംഗ്ഷനും ഗതാഗതത്തിന് ഭീഷണിയാണ്. വെള്ളൂര്‍, അടിയം ഭാഗങ്ങളില്‍ നിന്നുമെല്ലം വരുന്ന വാഹനങ്ങള്‍ കോട്ടയം, എറണാകുളം, വൈക്കം ഭാഗങ്ങളിലേക്ക് പോകുവാന്‍ തിരിയുന്നത് ഇവിടെ നിന്നാണ്. അപകടങ്ങള്‍ പതിവായപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗതാഗത നിയന്ത്രണത്തിന് ഹോം ഗാര്‍ഡിനെ നിയോഗിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം അയഞ്ഞപ്പോള്‍ ഹോംഗാര്‍ഡ് മണ്‍മറഞ്ഞു. അടിയന്തിരമായി ഈ വിഷയത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ വെട്ടിക്കാട്ട്മുക്കിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ മറുപടി പറയേണ്ടിവരും. വാഹനവകുപ്പും, പോലീസും, വെള്ളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്തുകളും ഈ വിഷയത്തില്‍ കൂടിയാലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണ്.