Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബജറ്റ്: വൈക്കത്ത് പുതിയ സിവില്‍ സ്റ്റേഷന്‍ അനസ്‌കിന്‌ 10 കോടി
05/02/2023

വൈക്കം: വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലാക്കുന്നതിന് സിവില്‍ സ്റ്റേഷന്‍ അനക്‌സ് സ്ഥാപിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചു. നിലവില്‍ കച്ചേരിക്കവലയിലുള്ള സിവില്‍ സ്റ്റേഷനില്‍ ഏഴു സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ പുതിയ ഓഫീസുകള്‍ അനുവദിക്കാന്‍ കഴിയില്ല. സ്ഥലപരിമിതി മൂലം മണ്ഡലത്തിലേക്ക് അനുവദിക്കപ്പെടുന്ന ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരമില്ലാത്ത സാഹചര്യമാണ്. ഇതു പരിഹരിക്കാന്‍ മിനി സിവില്‍ സ്‌റ്റേഷന്‍ അനക്‌സ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സി.കെ ആശ എംഎല്‍എ മന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറികിടക്കുന്നതും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായി പത്തിലധികം ഓഫീസുകള്‍ ഉണ്ട്. പുതിയ കെട്ടിടം നിര്‍മിച്ചാല്‍ ഇവയ്‌ക്കെല്ലാം സ്ഥല സൗകര്യം ഒരുക്കാന്‍ കഴിയും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഒരിടത്ത് പ്രവര്‍ത്തിക്കുന്നതാണ് സൗകര്യമെന്നതിനാല്‍ പുതിയ കെട്ടിടത്തിന് തുക അനുവദിച്ചത് പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.
സിവില്‍ സ്റ്റേഷനു പുറത്തു പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കായി വൈക്കം വടക്കേനടയില്‍ സബ് രജിസ്ട്രാര്‍, വാണിജ്യനികുതി ഓഫീസ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അനക്‌സ് നിര്‍മിക്കാമെന്നാണ് ഒരു നിര്‍ദേശം. പടിഞ്ഞാറേ തോട്ടുവക്കത്ത് കെ.വി കനാലിനു സമീപത്ത് പിഡബ്ല്യുഡി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലവും ആറാട്ടുകുളങ്ങരയില്‍ ഫയര്‍ സ്റ്റേഷനു സമീപത്തെ സ്ഥലവും പരിഗണനയിലുണ്ട്.
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്‌കൂളിന് പുതിയ കെട്ടിടം, ചെമ്പ് അങ്ങാടിക്കടവ്-തുരുത്തുമ്മ പാലം, നേരേകടവ്-ഉദയനാപുരം റോഡ് ഭൂമി ഏറ്റെടുത്ത് വീതി കൂട്ടല്‍, കരിപ്പാടം പാറയ്ക്കല്‍ തട്ടാവേലി ഭാഗത്ത് മൂവാറ്റുപുഴയാറിന്റെ തീരം കല്ലുകെട്ടി സംരക്ഷിച്ച് റോഡ് നിര്‍മാണം, കല്ലറ-വെച്ചൂര്‍ റോഡ് ബി.എം ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, തലയോലപ്പറമ്പ്-കൃഷ്ണന്‍കോവില്‍ റോഡ് നവീകരണം, വെച്ചൂര്‍-മറ്റം റോഡ് ബി.എം ബി.സി നിലവാരത്തില്‍ നിര്‍മാണം, വൈക്കം നഗരസഭയില്‍ കുടിവെള്ള പദ്ധതി, കലുങ്ക് ഉള്‍പ്പെടെ വാഴമന-പുത്തന്‍പാലം- കള്ളാട്ടിപുറം റോഡ് നവീകരണം, തണ്ണീര്‍മുക്കം ബണ്ട് റോഡ് ബി.എം ബി.സി നിര്‍മാണം, വൈക്കം-വാഴമന റോഡില്‍ കിളിയാട്ടുനട മുതല്‍ കള്ളാട്ടിപുറം വരെ ബി.എം ബി.സി നിര്‍മാണം, ചെമ്പ് കൃഷ്ണന്‍തുരുത്ത് കല്‍കെട്ടും പാലവും, വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരനട മുതല്‍ കച്ചേരിക്കവല വരെ സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടല്‍  എന്നീ പ്രവൃത്തികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.