Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍ പാട്ട് കൂട്ടവും നാട്ട് ചന്തയ്ക്കും തുടക്കം
22/01/2023
സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പാക്കുന്ന സസ്‌റ്റൈനബിളിറ്റി സ്ട്രീറ്റ് മാര്‍ക്കറ്റ് പദ്ധതിക്ക് തുടക്കംകുറിച്ച് മറവന്‍തുരുത്തിലെ ഇത്തിപ്പുഴയില്‍ ആരംഭിച്ച പാട്ട് കൂട്ടവും നാട്ട് ചന്തയും പരിപാടിയുടെ ഭാഗമായി നടത്തിയ നാടന്‍ പാട്ട്.
 
തലയോലപ്പറമ്പ്: സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പാക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മറവന്‍തുരുത്ത് പഞ്ചായത്തിലെ ഇത്തിപ്പുഴയില്‍ പാട്ട് കൂട്ടവും നാട്ട് ചന്തയും 'സസ്‌റ്റൈനബിളിറ്റി സ്ട്രീറ്റ് മാര്‍ക്കറ്റിന് തുടക്കമായി. വാട്ടര്‍ സ്ട്രീറ്റിന് അന്തര്‍ദേശീയ അംഗീകാരം നേടിയ മറവന്‍തുരുത്തില്‍ ജലമാര്‍ഗവും റോഡ് മാര്‍ഗവും എത്തി ഉല്‍പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും കൈമാറ്റം ചെയ്യാനുമുള്ള സൗകര്യമാണ് ഇതുവഴി ഒരുങ്ങുന്നത്.
രാജഭരണകാലത്ത് നിലനിന്നിരുന്ന വ്യാപാരത്തിന്റെ ആദ്യരൂപമായ ബാര്‍ട്ടര്‍ സമ്പ്രദായത്തിലധിഷ്ഠിതമായ കൈമാറ്റ വാണിഭമായ 'മാറ്റം' എന്ന പുരാതന ചന്ത ഓണം പോലുള്ള വിശേഷ ദിവസങ്ങളില്‍ ഇപ്പോഴും നടന്നുവരുന്ന സ്ഥലമാണ് മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത്. ഇതിനെ ടൂറിസം ഉല്‍പന്നമാക്കി പുനരാവിഷ്‌കരിക്കുകയാണ് ഇത്തിപ്പുഴയിലെ 'പാട്ട് കൂട്ടവും നാട്ട് ചന്തയും'. ഇന്നലെ ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി എട്ടു വരെയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇതിനുമുന്നോടിയായി രാവിലെ 10 മുതല്‍ ശിക്കാരി, കയാക്കിങ്, കണ്‍ട്രി ബോട്ട് റൈഡുകളും നടന്നു. നാട്ട് ചന്തയില്‍നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവര്‍ക്ക് സൗജന്യ ശിക്കാരി യാത്രയും സംഘാടകര്‍ ഒരുക്കിയിരുന്നു.
ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ മൂവാറ്റുപുഴയാറിന്റെ തീരത്ത് ഇത്തിപ്പുഴയില്‍ ആരംഭിച്ച പാട്ട് കൂട്ടവും നാട്ട് ചന്തയും ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജലയാത്രകളിലൂടെ ഒരു നാടിന്റെ ജൈവിക ആവാസ വ്യവസ്ഥയെ ആസ്വദിക്കാനും  ദൈനംദിന ജീവിത രീതിയുമായി ഇടപെടാനുമുള്ള അവസരമാണ് സസ്റ്റൈനബിളിറ്റി സ്ട്രീറ്റ് മാര്‍ക്കറ്റിലൂടെ ടൂറിസ്റ്റുകള്‍ക്കായി മറവന്‍തുരുത്തില്‍ ഒരുക്കുന്നത് എന്നും സമാനമാതൃകകള്‍ സംസ്ഥാനത്തുടനീളം ഒരുക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം ക്ലബ്ബ് പ്രസിഡന്റ് ടി.കെ സുവര്‍ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, പി.വി ഹരിക്കുട്ടന്‍, സുഷമ സന്തോഷ്, സീമ ബിനു, ബിന്ദു പ്രദീപ്, പി പ്രീതി, പ്രമീള രമണന്‍, പോള്‍ തോമസ്, ബി ഷിജു, മജിത ലാല്‍ജി, സി സുരേഷ് കുമാര്‍, കെ.എസ് ബിജുമോന്‍, വി.ആര്‍ അനിരുദ്ധന്‍, കെ.ജി വിജയന്‍, എന്‍.ജി ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു.  
എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ഈ വിധത്തില്‍ ഇത്തിപ്പുഴയില്‍ സസ്റ്റൈനബിളിറ്റി മാര്‍ക്കറ്റ് സംഘടിപ്പിക്കും. നാട്ടുകാരുടെ കലാ ഗ്രൂപ്പുകളുടെ വിവിധ കലാപരിപാടികള്‍ക്കൊപ്പം പ്രമുഖ ബാന്റ് ഗ്രൂപ്പിന്റെ മ്യൂസിക് ബാന്റും പരിപാടിയുടെ ഭാഗമായി അരങ്ങേറും. കുലശേഖരമംഗലം ഉത്തരവാദിത്ത ടൂറിസം ക്ലബ്ബാണ് മറവന്‍തുരുത്ത് ഗ്രാമ പഞ്ചായത്തിന്റെയും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെയും സഹകരണത്തോടെ സസ്‌റ്റൈനബിളിറ്റി സ്ട്രീറ്റ് മാര്‍ക്കറ്റ് സംഘടിപ്പിച്ചിരിക്കുന്നത്‌. പുഴയുടെ തീരത്ത് സംഗമിച്ച് ആടാനും പാടാനും ജലമാര്‍ഗവും റോഡ് മാര്‍ഗവും എത്തി ഉല്‍പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും കൈമാറ്റം ചെയ്യാനും അവസരമൊരുക്കുന്ന മറവന്‍തുരുത്ത് വാട്ടര്‍ സ്ട്രീറ്റിലെ സസ്‌റ്റൈനബിളിറ്റി സ്ട്രീറ്റ് മാര്‍ക്കറ്റ് കേരളത്തില്‍ ഈ തരത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ മാര്‍ക്കറ്റാണ്. തുടര്‍ച്ചയില്‍ വാട്ടര്‍ സ്ട്രീറ്റിലെ ഫ്‌ളോട്ടിങ് മാര്‍ക്കറ്റായും ഇതുമാറും.