Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൗണില്‍ വണ്‍ വേ സംവിധാനം കര്‍ശനമാക്കും; അനധികൃത പാര്‍ക്കിങ് തടയും
20/01/2023
വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു നടത്തിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം സംസാരിക്കുന്നു.

വൈക്കം: വൈക്കം ടൗണില്‍ വണ്‍ വേ സംവിധാനം കര്‍ശനമായി നടപ്പിലാക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളെ പങ്കെടുപ്പിച്ച് നടത്തിയ ട്രാഫിക് അഡ്‌വൈസറി കമ്മിറ്റി യോഗം തീരുമാനിച്ചു. ഏറെക്കാലമായി നഗരത്തില്‍ വണ്‍ വേ സംവിധാനം കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്. വൈക്കത്തേക്ക് വരുന്ന എല്ലാ ബസുകളും ദളവാകുളം ബസ് സ്റ്റാന്റ് വഴി സര്‍വീസ് നടത്തുന്നതിനുള്ള സംവിധാനം ഒരുക്കും. ദളവാകുളം സ്റ്റാന്റിലെയും വലിയകവല ബസ് സ്റ്റോപ്പിലെയും അനധികൃത പാര്‍ക്കിങ് പൂര്‍ണമായും തടയും. കച്ചേരികവല-പടിഞ്ഞാറെനട റോഡില്‍ നിന്നും കിഴക്കോട്ട് ടൂ വീലര്‍, ത്രീ വീലര്‍ ഒഴിച്ചുള്ള വാഹനങ്ങളുടെ യാത്ര അനുവദിക്കില്ല.
വൈക്കം താലൂക്ക് ആശുപത്രിക്കും നഗരസഭ ഷോപ്പിങ് കോപ്ലക്‌സിനു മുന്നിലുമുള്ള റോഡിലെ അനധികൃത പാര്‍ക്കിങ്ങും, അമ്മയും കുഞ്ഞും ആശുപത്രി റോഡിലെ അനധികൃത ഓട്ടോ സ്റ്റാന്റും  നിര്‍ത്തലാക്കും. ഓട്ടോ സ്റ്റാന്റുകളില്‍ പെര്‍മിറ്റ് ഇല്ലാതെ ഓടിക്കുന്ന വാഹനങ്ങള്‍ കര്‍ശനമായി തടയും. വൈക്കം നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പിഡബ്ല്യുഡി റോഡ് കൈയേറി അനധികൃതമായി നടത്തുന്ന മത്സ്യ-മാംസ കച്ചവടം തടയും. വടക്കേനടയില്‍ സ്ഥാപിച്ചിരിക്കുന്ന നോ പാര്‍ക്കിങ് ബോര്‍ഡ് നീക്കം ചെയ്യും. കണിയാംതോടിന് സമീപത്തെ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്‍വശത്തുള്ള അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് കത്തു നല്‍കും. ഉദയനാപുരം ബസ് സ്റ്റോപ്പിലെ ഓട്ടോ റിക്ഷകളുടെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കും.
എറണാകുളത്ത് നിന്നു വരുന്ന ബസുകള്‍ വൈപ്പിന്‍പടിയില്‍ 10 മീറ്റര്‍ മുന്നോട്ടു നീക്കി നിര്‍ത്തുന്ന തരത്തില്‍ സ്റ്റോപ്പ് ക്രമീകരിക്കും. ലിങ്ക് റോഡില്‍ ആരംഭത്തിലുള്ള ബസ് സ്‌റ്റോപ്പ് കുറച്ചുകുടി മുന്നോട്ടുമാറ്റി സ്ഥാപിക്കും. കോട്ടയം, പാലാ, തൊടുപുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ഈശ്വരി കോംപ്ലക്‌സിനു മുന്നിലായി നിര്‍ത്തുന്നതിനും, വെച്ചൂര്‍, കുമരകം, ആലപ്പുഴ, കൈപ്പുഴമുട്ട്, ചേര്‍ത്തല, ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ലിങ്ക് റോഡിലേക്ക് കയറ്റി മുന്നോട്ടു നീക്കി നിര്‍ത്തുന്നതിനും നടപടി സ്വീകരിക്കും. ആറാട്ടുകുളങ്ങര ജങ്ഷനില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കും. തെക്കേനട ഗോപുരത്തിനു സമീപമുള്ള വെച്ചൂര്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കും. ലിങ്ക് റോഡിന്റെ ആരംഭഭാഗത്തെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കാനും യോഗം തീരുമാനിച്ചു.
നഗരസഭ ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ പി.ആര്‍ റെജി, പിആര്‍ഒ ടി.ആര്‍ മോഹനന്‍, അസി. എഞ്ചിനീയര്‍ ഗിരീഷ്, റവന്യൂ അധികൃതര്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്. ഹരിദാസന്‍ നായര്‍, ലേഖ ശ്രീകുമാര്‍, പ്രീതാ രാജേഷ്, സിന്ധു സജീവന്‍, എന്‍ അയ്യപ്പന്‍, നഗരസഭ സെക്രട്ടറി രമ്യ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.