Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതീക്ഷകള്‍ തളിര്‍ക്കുന്നു; മൂലേക്കടവ് പാലം നിര്‍മാണം തുടങ്ങി
19/01/2023
ചെമ്പ്, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൂലേക്കടവ് പാലത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചപ്പോള്‍.

തലയോലപ്പറമ്പ്: സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ചെമ്പ്, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൂലേക്കടവ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിരവധി സാങ്കേതിക തടസ്സങ്ങളെ മറി കടന്നാണ് പാലത്തിന്റെ നിര്‍മാണം ആരംഭിക്കാനായത്. സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍പെടുത്തി അനുവദിച്ച് 21.10 കോടി രൂപ ഭരണാനുമതി ലഭ്യമാക്കിയ പദ്ധതി 18.88 കോടി രൂപക്കാണ് ടെണ്ടര്‍ ചെയ്തത്. 210 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമായി 30 മീറ്ററിന്റെ ഏഴു സ്പാനുകളോടു കൂടി നിര്‍മിക്കുന്ന പാലത്തിന് 20 മാസമാണ് നിര്‍മാണ കാലാവധി. വാളംപള്ളി ഭാഗത്ത് 75 മീറ്ററും ഏനാദി ഭാഗത്ത് 65 മീറ്ററുമുള്ള സമീപന റോഡുകളും സര്‍വീസ് റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു.
ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഏനാദി, ബ്രഹ്മമംഗലം നിവാസികളായ ആയിരക്കണക്കിനാളുകളുടെ ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിനും യാത്രാദുരിതത്തിനുമാണ് പാലം നിര്‍മാണത്തോടെ അന്ത്യം കുറിക്കുന്നത്. നിലവില്‍ ചെമ്പ് പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകളിലെ ജനങ്ങള്‍ കിലോമീറ്ററുകളോളം ചുറ്റിയാണ് വിവിധ ആവശ്യങ്ങള്‍ക്കായി വൈക്കത്തേക്ക് എത്തുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകും. ചെമ്പ്, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമടക്കം നിരവധി നാട്ടുകാരുടെ സാന്നിധ്യത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.