Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാഞ്ഞിരമറ്റം കൊടികുത്ത് ചന്ദനക്കുടം ഉറൂസിന് ഒഴുകിയെത്തിയത് ആയിരങ്ങള്‍
15/01/2023
കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗാ ശെരീഫിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസിനോട് അനുബന്ധിച്ച് താഴത്തെ പള്ളിയില്‍ കൊടിയേറ്റുന്നു.

തലയോലപ്പറമ്പ്: കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗാ ശെരീഫിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസിന് ആയിരങ്ങളെത്തി. താഴത്തെ പള്ളിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരണമരത്തില്‍ ശനിയാഴ്ച രാവിലെ 10.30ന് കൊടിയുയര്‍ത്തി. തുടര്‍ന്ന് മലേപ്പള്ളിയിലും കൊടി ഉയര്‍ത്തി. പുരാതന തറവാടുകളായ ചുണ്ടക്കാട്ടു നിന്നും കലൂപ്പറമ്പില്‍ നിന്നും രാവിലെ ആനപ്പുറത്ത് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട കൊടി ഘോഷയാത്രകള്‍ പള്ളിനടയ്ക്കല്‍ സംഗമിച്ചശേഷം ഒരുമിച്ചു താഴത്തെ പള്ളിയുടെ കൊടിമരച്ചുവട്ടില്‍ എത്തി. ഇരു കൊടികളും ശൈഖ് ഫരീദുദ്ദീന്റെ കബറിടത്തില്‍ എത്തിച്ചു യാസീന്‍ ചൊല്ലിയ ശേഷം തിരികെ പള്ളികളില്‍ കൊടി ഉയര്‍ത്തിയത്. ശൈഖ് ഫരീദുദ്ദീന്‍ നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ സ്മരണയില്‍ ചക്കരക്കഞ്ഞി നേര്‍ച്ച സമര്‍പ്പിക്കാന്‍ നാനാജാതി മതസ്തരായ ആയിരങ്ങളാണു പള്ളിയിലെത്തിയത്. ചടങ്ങുകള്‍ക്ക് പള്ളി മാനേജര്‍ എം.എ അബ്ദുല്‍ ഷുക്കൂറിന്റെ മേല്‍നോട്ടത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.
രാത്രി ചാലക്കപ്പാറയില്‍ നിന്നും ആമ്പല്ലൂരില്‍ നിന്നും പുറപ്പെട്ട ചന്ദനക്കുട ഘോഷയാത്രകള്‍ പതിനൊന്നോടെ പള്ളിയിലെത്തി ചന്ദനക്കുടം നടന്നതോടെ കൊടികുത്ത് ഉറൂസ് ചടങ്ങുകള്‍ സമാപിച്ചു. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള വിശ്വാസികള്‍ക്ക് എത്തിച്ചേരുന്നതിന് പ്രധാനപ്പെട്ട ട്രെയിനുകള്‍ക്കു കാഞ്ഞിരമറ്റം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. കോവിഡ് ഭീതി ഒഴിഞ്ഞ വര്‍ഷമായതിനാല്‍ ഇത്തവണ ആയിരക്കണക്കിനു ഭക്തജനങ്ങളാണ് ഉറൂസിന് എത്തിയത്.