Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടേല്‍ പള്ളി തിരുനാള്‍: വി. കൊച്ചുത്രേസ്യയുടെ പട്ടണ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
15/01/2023
വൈക്കം ടൗണ്‍ നടേല്‍ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള വിശുദ്ധ കൊച്ചുത്രേസ്യയുടെ പട്ടണ പ്രദക്ഷിണം വെല്‍ഫെയര്‍ സെന്ററില്‍ നിന്നും പുറപ്പെടുന്നു.
 
വൈക്കം: ഭക്തിഗാനങ്ങളുടെയും പ്രാര്‍ത്ഥനയുടെയും നിറവില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപം എഴുന്നള്ളിച്ചു.
വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തിലെ വി. കൊച്ചു ത്രേസ്യായുടെ തിരുനാള്‍ ആഘോഷത്തിന്റെ ആകര്‍ഷകമായ ചടങ്ങായിരുന്നു വൈക്കം ടൗണില്‍ നടന്ന പട്ടണ പ്രദക്ഷിണം. ശനിയാഴ്ച വൈകിട്ട് 7.30നാണ് പ്രദക്ഷിണം പുറപ്പെട്ടത്. അലങ്കൃതമായ രഥത്തിലാണ് വിശുദ്ധയുടെ തിരുസ്വരൂപം പള്ളിലേക്ക് എഴുന്നള്ളിച്ചത്. നിറദീപങ്ങളായി നൂറുകണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തില്‍ അണിചേര്‍ന്നു.
ടൗണിലെ വെല്‍ഫെയര്‍ സെന്ററില്‍ നിന്നും നടേല്‍ പള്ളിയിലേക്ക് അലങ്കാരങ്ങളുടെ നിറവില്‍ നീങ്ങിയ പ്രദക്ഷിണം നഗരത്തെ ഭക്തിസാന്ദ്രമാക്കി. മുത്തുകുടകളും വിവിധ സെറ്റ് വാദ്യമേളങ്ങളും പൊന്‍വെള്ളിക്കുരിശുകളും പ്രദക്ഷിണത്തിന് മാറ്റുകൂട്ടി. വൈകിട്ട് അഞ്ചിന് വെല്‍ഫെയര്‍ സെന്ററില്‍ നടന്ന വേസ്പര ചടങ്ങുകള്‍ക്ക് ഫാ. ജോയ്‌സണ്‍ പുതുശേരി, ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ, സഹ വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണില്‍, ഫാ. ജോഷി പുതുശേരി എന്നിവർ കാര്‍മികരായി. നഗരം ചുറ്റി നീങ്ങിയ പ്രദക്ഷിണം പള്ളിയില്‍ എത്തിചേര്‍ന്നപ്പോള്‍ സ്‌നേഹവിരുന്നും നടത്തി. 
ഞായറാഴ്ച തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ആന്റോ ചേരാന്തുരുത്തി, ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ഫാ. സെബാസ്റ്റ്യന്‍ നഴിയമ്പാറ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധയുടെ തിരുസ്വരൂപം പള്ളിയുടെ ചുറ്റുപാടുകള്‍ കേന്ദ്രീകരിച്ച് എഴുന്നള്ളിക്കും.