Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഞ്ജുവിനും മക്കള്‍ക്കും നാടിന്റെ അന്ത്യാഞ്ജലി
14/01/2023
ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം വൈക്കം കുലശേഖരമംഗലം ഇത്തിപ്പുഴയിലെ കുടുംബ വീടിനുസമീപം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍.

വൈക്കം: ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ വൈക്കം കുലശേഖരമംഗലം ഇത്തിപ്പുഴ അറക്കല്‍ അഞ്ജു അശോകന്റെയും (36), മക്കളായ ജീവ (ആറ്), ജാന്‍വി (നാല്) എന്നിവരുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച സംസ്‌കരിച്ചു. ഒരു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് മൃതഹങ്ങള്‍ നാട്ടിലെത്തിയത്. ബ്രിട്ടനിലെ മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ എംബസിയില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിനുശേഷം വെള്ളിയാഴ്ച മാഞ്ചസ്റ്ററില്‍നിന്നും പുറപ്പെട്ട് ശനിയാഴ്ച രാവിലെ 8.05ന് എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹങ്ങള്‍ കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തിച്ചു. ബ്രിട്ടനില്‍ അഞ്ജുവിന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന മനോജ് മാത്യുവിനെയാണ് മൃതദേഹങ്ങളെ അനുഗമിച്ചത്. വിമാനതാവളത്തിലെ നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. തോമസ് ചാഴിക്കാടന്‍ എംപി, സി.കെ ആശാ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വിമാനതാവളത്തില്‍ എത്തിയിരുന്നു. അവിടെനിന്നും മൂന്ന് ആംബുലന്‍സുകളിലായി 10.30ന് ഇത്തിപ്പുഴയിലെ വീട്ടിലെത്തി.
കുടുംബ വീടിന് സമീപം മൂവാറ്റുപുഴയാറിന്റെ തീരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ മൃതദേഹങ്ങള്‍ പൊതു ദര്‍ശത്തിനുവച്ചപ്പോള്‍ ബന്ധുക്കളും, സുഹൃത്തുക്കളും, നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ കണ്ണീരോടെയാണ് വിടനല്‍കിയത്. അടുത്തടുത്തായി ഒരുക്കിയ മൂന്നു ചിതകളില്‍ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. തോമസ് ചാഴിക്കാടന്‍ എംപി, സി.കെ ആശാ എംഎല്‍എ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി.ആര്‍ സലില, മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീമ ബിനു, വാര്‍ഡ് മെമ്പര്‍ പോള്‍ തോമസ്, സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, സിപിഎം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി പി.ആര്‍ ശരത് കുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിനും അഞ്ജുവിന്റെ വീട്ടിലെത്തി. കഴിഞ്ഞ ഡിസംബര്‍ 15നാണ് അഞ്ജുവിനെയും മക്കളായ ജീവയെയും ജാന്‍വിയെയും കെറ്ററിങ്ങിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സാജുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.