Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടടക്കരി പാലം പുനര്‍നിര്‍മിച്ച നാട്ടുകാര്‍ക്ക്‌ വെച്ചൂര്‍ പഞ്ചാത്തിന്റെ ഒരു ലക്ഷം
10/01/2023
പ്രദേശവാസികള്‍ ഗുണഭോക്തൃ സമിതി രൂപീകരിച്ചു പുനര്‍നിര്‍മിച്ച വെച്ചൂര്‍ പഞ്ചായത്തിലെ കൊടുതുരുത്ത്-മറ്റം റോഡിലെ പട്ടടക്കരി പാലം.

വൈക്കം: വെച്ചൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ കൊടുതുരുത്ത്-മറ്റം റോഡിലെ തകര്‍ന്ന പട്ടടക്കരി പാലം പുനര്‍നിര്‍മിച്ച പ്രദേശവാസികള്‍ക്ക് വെച്ചൂര്‍ പഞ്ചായത്ത് ഒരു ലക്ഷം രൂപ കൈമാറി. ടിപ്പര്‍ ലോറി കയറിയതിനെ തുടര്‍ന്നു തകര്‍ന്ന പാലത്തില്‍ നിന്ന് തോട്ടിലേക്ക് ലോറി കൂപ്പുകുത്തി കല്ലറ സ്വദേശിയായ ലോറി ഡ്രൈവര്‍ മരിച്ചിരുന്നു. സഞ്ചാരം വഴിമുട്ടിയ പ്രദേശവാസികള്‍ ഗുണഭോക്തൃ സമിതി രൂപീകരിച്ച് പാലം പുനര്‍നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. തോടിന്റെ വശങ്ങള്‍ കല്ലുകെട്ടി ഉറപ്പിച്ച് ഇരുമ്പു കേഡറുകള്‍ സ്ഥാപിച്ച് മീതെ മെറ്റല്‍ പാളികള്‍ വിരിച്ചാണ് പാലം പുനര്‍നിര്‍മിച്ചു ഗതാഗതയോഗ്യമാക്കിയത്. പാലത്തിന് 6.85 ലക്ഷം രൂപ ചെലവായെങ്കിലും അഞ്ചു ലക്ഷത്തോളം രൂപ സമാഹരിക്കാന്‍ മാത്രമേ ഗുണഭോക്തൃ സമിതിക്കായുള്ളു. സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്തൃ സമിതി പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈല കുമാറിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പഞ്ചായത്ത് അസി. എഞ്ചിനീയറുടെ പരിശോധനയില്‍ നിര്‍മിതിയുടെ ഗുണമേന്മ ബോധ്യപ്പെട്ടതോടെ പാലം നിര്‍മിച്ച ഗുണഭോക്തൃ സമിതിക്ക് ഒരു ലക്ഷം രൂപ നല്‍കുന്നതിനായി പഞ്ചായത്ത് അധികൃതര്‍ വികേന്ദ്രികൃതാസൂത്രണ സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിക്ക് അപേക്ഷ നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ കൂടിയ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വച്ച് 6.85 ലക്ഷം രൂപയുടെ ആസ്തി സൃഷ്ടിച്ച ഗുണഭോക്തൃ സമിതിയെയും പഞ്ചായത്തിനെയും അഭിനന്ദിക്കുകയും ഗുണഭോക്തൃ സമിതിക്ക് ഒരു ലക്ഷം രൂപ നല്‍കാനുള്ള അനുമതിയും പഞ്ചായത്തിനു നല്‍കുകയുമായിരുന്നു. ഒരു ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഗുണഭോക്തൃ സമിതിക്ക് കൈമാറി. പാലം നിര്‍മാണ കമ്മറ്റി ചെയര്‍മാന്‍ എസ്.ഡി ഷാജിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്,  വാര്‍ഡ് മെമ്പര്‍ ബിന്ദുരാജ്, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ സജീഷ് ബാബു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സോജി ജോര്‍ജ്, പി.കെ മണിലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.മനോജ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, ആന്‍സി തങ്കച്ചന്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.