Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുറിഞ്ഞപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ കുളത്തില്‍ വീണു; നാട്ടുകാര്‍ രക്ഷകരായി
10/01/2023
ചെമ്പ് മുറിഞ്ഞപുഴയില്‍ നിയന്ത്രണം വിട്ട് കുളത്തിലേക്കു തലകീഴായി മറിഞ്ഞ കാര്‍.

തലയോലപ്പറമ്പ്: ചെമ്പ് മുറിഞ്ഞപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞു. നാട്ടുകാര്‍ സമയോചിതമായി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ആളപായം ഒഴിവായി. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കി പോകുകയായിരുന്ന നാലംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ നിയന്ത്രണം വിട്ടു റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്ത ശേഷം സമീപത്തെ കുളത്തിലേക്കു തലകീഴായി മറിയുകയായിരുന്നു. വൈക്കം-എറണാകുളം റോഡില്‍ മുറിഞ്ഞപുഴയില്‍ ചെമ്പിലരയന്‍ റോഡിന് സമീപം തിങ്കളാഴ്ച രാവിലെ 11നായിരുന്നു അപകടം. പിറവത്തുള്ള സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി തിരുവല്ലയില്‍ നിന്നും വരികയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്. ശബ്ദം കേട്ട് സമീപത്തെ ടൂവിലര്‍ വര്‍ക്ക്‌ഷോപ്പ് ഉടമ അജിത്ത്, വാഹനം നന്നാക്കാനായി എത്തിയ പ്രദേശവാസിയായ നടുത്തുരുത്തില്‍ അഖില്‍, രമേശന്‍ എന്നിവര്‍ കുളത്തില്‍ ചാടി മുങ്ങിത്താഴുകയായിരുന്ന കാറിന്റെ ഡോര്‍ തുറന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. കാറില്‍ ഉണ്ടായിരുന്ന തിരുവല്ല നെടുംപുറം കൈപ്പും ചാലില്‍ സോജു ജോസഫ് (34) ഇയാളുടെ സഹോദരന്‍ സോജി (31), സുഹൃത്തുക്കളായ ടിനു (36), അനൂജ് (30) എന്നിവരെ ആശുപത്രിയില്‍ എത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനിടെ കുളത്തിലെ ചില്ല് കാലില്‍ തുളച്ച് കയറി അജിത്തിനും പരിക്കേറ്റു. വൈക്കം എസ്‌ഐ സജി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പോലീസും വൈക്കം അഗ്നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ വിഷ്ണു മധുവിന്റെ നേതൃത്വത്തില്‍ ഫയര്‍ യൂണിറ്റും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ക്രെയിനിന്റെ സഹായത്തോടെ കുളത്തില്‍ വീണ കാര്‍ ഉയര്‍ത്തി മാറ്റി.