Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേദമന്ത്രധ്വനികളില്‍ ലയിച്ച് ക്ഷേത്ര നഗരം; മഹാരുദ്രയജ്ഞം തുടങ്ങി
05/01/2023
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തുടങ്ങിയ മഹാരുദ്ര യജ്ഞത്തിന്റെ ദീപപ്രകാശനം ബലിക്കല്‍പുരയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ക്ഷേത്രാന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കി വൈക്കത്തപ്പന്റെ സന്നിധിയില്‍ മഹാരുദ്രയജ്ഞം തുടങ്ങി. ബുധനാഴ്ച രാവിലെ നമസ്‌കാര മണ്ഡപത്തില്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ട് യജുര്‍വേദ പണ്ഡിതന്മാര്‍ അര്‍ച്ചന ജപം ആലപിച്ചതോടെ ക്ഷേത്രവും പരിസരവും ഭക്തിയില്‍ ലയിച്ചു. വൈക്കം ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഏറെ താന്ത്രിക പ്രധാന്യമുള്ള മഹാരുദ്രയജ്ഞം നടത്തുന്നത്. ശ്രീകോവിലിലെ നടയ്ക്ക് മുന്നിലെ നമസ്‌കാര മണ്ഡപത്തിലാണ് മഹാരുദ്ര യജ്ഞത്തിന്റെ ചടങ്ങുകള്‍ നടക്കുക. ബലിക്കല്‍പുരയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ മഹാരുദ്രയജ്ഞത്തിന്റെ ദീപപ്രകാശനം നടത്തി.
തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ടില്ലത്ത് ചെറിയ മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, വഴിപാടുകാരായ അനില്‍കുമാര്‍ മഴുവഞ്ചേരി, ഡോ. ആശപ്പിള്ള, ഡോ. ബിന്ദു നായര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി. കൃഷ്ണകുമാര്‍, അസി. കമ്മീഷണര്‍ സി.എസ് ഭാവന, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, സെക്രട്ടറി ബി.ഐ പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പുഷ്പങ്ങളും, കട്ടിമാലകളും, വാഴകുലകളും കൊണ്ട് അലംകൃതമാക്കിയ നമസ്‌കാരമണ്ഡപത്തില്‍ 11 യജുര്‍വേദ പണ്ഡിതന്മാരാണ് മഹാരുദ്രം ജപിച്ച് അര്‍ച്ചന നടത്തുന്നത്.
10 വെള്ളിക്കലശകുടങ്ങളും സ്വര്‍ണനിര്‍മിതമായ രണ്ടു ബ്രഹ്മകലശകുടങ്ങളും അലങ്കരിച്ചു വെച്ച് മഹാരുദ്രവും ഋഗ്വേതസൂക്ത ജപവും തുടര്‍ന്ന് ശ്രീരുദ്രജപവും ജപിച്ച ശേഷം ഉച്ചപൂജയുടെ മുഹൂര്‍ത്തത്തില്‍ വൈക്കത്തപ്പന് അഭിഷേക ചടങ്ങുകള്‍ നടത്തി. മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, അനൂപ് എസ് നമ്പൂതിരി, ടി.ഡി ശ്രീധരന്‍ നമ്പൂതിരി എന്നിവരും കാര്‍മികരായിരുന്നു.