Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസനത്തിന്റെ അടിസ്ഥാനലക്ഷ്യം ജനതയുടെ നിലനില്‍പായിരിക്കണം: മേധാ പട്കര്‍
23/12/2022
ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, സ്വാതന്ത്ര്യസമരസേനാനിയും, എംഎല്‍എയുമായിരുന്ന സി.കെ വിശ്വനാഥന്റെ സ്മരണാര്‍ത്ഥം ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുളള അവാര്‍ഡ് മേധാ പട്കര്‍ക്ക് പ്രസിഡന്റ് അഡ്വ. വി.ബി ബിനു നല്‍കുന്നു.

വൈക്കം: ബുള്‍ഡോസറുകളല്ല, കരുത്തുറ്റ കരങ്ങളാണ് ഭൂമിക്കുമേല്‍ ഉപയോഗിക്കേണ്ടതെന്ന് പ്രമുഖ പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തക മേധ പട്കര്‍. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, സ്വാതന്ത്ര്യസമരസേനാനിയും, എംഎല്‍എയുമായിരുന്ന സി.കെ വിശ്വനാഥന്റെ സ്മരണാര്‍ത്ഥം ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുളള അവാര്‍ഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അവര്‍. വികസനത്തിന്റെ അടിസ്ഥാനലക്ഷ്യം ജനതയുടെ നിലനില്‍പായിരിക്കണം. ഭൂമിയുടെ ഹരിത ആവരണം സംരക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടും ഇന്‍ഡ്യയിലെ ഭരണാധികാരികള്‍ അംഗീകരിച്ചിട്ടില്ല. ഭൂരേഖകള്‍ ഉണ്ടാക്കാന്‍ കോര്‍പ്പറേറ്റുകളെയാണ് അധികാരികള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കര്‍ഷകരുടെയും തൊഴിലാളികളുടെയും ആദിവാസികളുടെയും ആശ്രയം ഭൂമിയും ജീവനുള്ള പരിസ്ഥിതിയുമാണ്. കൊക്കോ കോള, പ്ലാച്ചിമട സമരങ്ങളെല്ലാം കുടിവെള്ളത്തിനുവേണ്ടിയുള്ള സാധാരണ ജനങ്ങളുടെ ജീവിത പോരാട്ടങ്ങളാണ്. നാം ഇന്ന് അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനം മാനവരാശിയുടെ നിലനില്‍പിനെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണ്. ഇക്കാര്യം പലതവണ നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹം അതിനോട് മുഖം തിരിക്കുകയാണ്. ലക്ഷക്കണക്കായ കര്‍ഷകര്‍ നിലനില്‍പിനുവേണ്ടി സമരഭൂമിയില്‍ പോരടിക്കുന്ന സമയത്തും കോര്‍പ്പറേറ്റുകളെ തഴുകാനാണ് മോദി തയ്യാറായതെന്നും മേധാ പട്കര്‍ പറഞ്ഞു.
നിരവധി സമരമുഖങ്ങളില്‍ എക്കാലവും ഞങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു എത്തിച്ചേര്‍ന്നവരാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും ആനി രാജയും ബിനോയ് വിശ്വവും അടക്കമുള്ള സഖാക്കള്‍. മാര്‍ക്‌സിന്റെ പരിസ്ഥിതി വീക്ഷണമാണ് ഏറ്റവും കരണീയമായിട്ടുള്ളത്. വരും തലമുറകള്‍ക്കുവേണ്ടി ഭൂമിയെ സംരക്ഷിക്കണമെന്ന് ആദ്യം പറഞ്ഞത് കാള്‍ മാര്‍ക്‌സാണ്. ഭൂമിക്കും പരിസ്ഥിതിക്കും വേണ്ടി ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത ഒരുമിച്ചുള്ള പോരാട്ടങ്ങളാണ് നമുക്ക് വേണ്ടത്. ഇന്നിവിടെ ക്ഷേത്രങ്ങളെയും സംഘപരിവാര്‍ രാഷ്ട്രീയം സംഘര്‍ഷഭൂമികളാക്കുകയാണ്. എത്രയോ ക്ഷേത്രങ്ങള്‍ പണിതുയര്‍ത്താന്‍ ഇതരമതസ്ഥര്‍ തങ്ങളുടെ സ്ഥലങ്ങള്‍ വിട്ടുകൊടുത്തിട്ടുണ്ട്. ക്ഷേത്രങ്ങളിലെ പൂജയ്ക്കുവേണ്ടി മാലകെട്ടി കൊടുക്കുന്ന ധാരാളം മറ്റു മതസ്ഥരെ ഞാന്‍ കണ്ടിട്ടുണ്ട്. മതസാഹോദര്യത്തിന്റെ ധാരാളം മാതൃകകള്‍ ഉള്ള ഇന്‍ഡ്യയില്‍ ക്ഷേത്രങ്ങളെ സംഘര്‍ഷഭൂമികളാക്കാന്‍ അനുവദിക്കരുതെന്നും അവര്‍ പറഞ്ഞു.
നമ്മുടെ വിദ്യാഭ്യാസ സിലബസുകള്‍ പോലും ആര്‍.എസ്.എസ് തിരുത്തി എഴുതുകയാണ്. ഇത് ഭയപ്പെടുത്തുന്നതാണ്. ഇതുകൊണ്ടാണ് ഞങ്ങള്‍ ബദല്‍ വിദ്യാഭ്യാസ രീതികള്‍ ആവിഷ്‌കരിച്ചത്. എനിക്ക് ഇവിടെ ലഭിച്ച അംഗീകാരം ഒരു അവാര്‍ഡ് ആയല്ല മറിച്ച്, രക്താഭിവാദ്യമായാണ് സ്വീകരിക്കുന്നത്. ജാതി വിവേചനത്തിനെതിരായി പടപൊരുതിയ ഈ മണ്ണില്‍നിന്നും സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റുമായ സി.കെ വിശ്വനാഥന്റെ നാമധേയത്തില്‍ ഏറ്റുവാങ്ങുന്ന ഈ അംഗീകാരം തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക് ആവേശം പകരുമെന്നും മേധാ പട്കര്‍ കൂട്ടിച്ചേര്‍ത്തു.
സി.കെ സ്മാരക അവാര്‍ഡ് എത്തിച്ചേര്‍ന്നത് അത് അര്‍ഹിക്കുന്ന കരങ്ങളിലേക്കാണ്, പരിസ്ഥിതി പാഠങ്ങള്‍ അനേകര്‍ക്ക് പകര്‍ന്നു നല്‍കിയ ഉജ്വല പോരാട്ട പ്രതീകമാണ് മേധാ പട്കര്‍ എന്ന് എഐടിയുസി അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം എംപി പറഞ്ഞു. വികസനമെന്നത് പാവങ്ങളുടെ ജീവിതം പിഴുതെറിഞ്ഞുകൊണ്ടല്ല, അവരെ ചേര്‍ത്തുപിടിച്ചുകൊണ്ടാകണം എന്ന് നിരന്തരം ഓര്‍മപ്പെടുത്തുന്നതുകൊണ്ട് അധികാരികള്‍ അവരെ വികസനവിരോധിയായി ചിത്രീകരിക്കുന്നു. പദവികള്‍ക്കുപിറകെ പോകാതെ ജീവിതം ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി മാറ്റിവെച്ചതാണ് മേധാ പട്കറുടേതെന്നും അദ്ദേഹം പറഞ്ഞു.
വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ ഓഫീസിലെ (ഇണ്ടംതുരുത്തി മന) സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടന്ന സമ്മേളനത്തില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സി. അംഗം സി.കെ ശശിധരന്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, സി.കെ ആശ എംഎല്‍എ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, എം.ഡി ബാബുരാജ്, അഡ്വ. കെ പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.