Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഞ്ജുവിന്റെയും മക്കളുടെയും മരണത്തിന്റെ നടുക്കത്തില്‍ ഇത്തിപ്പുഴ ഗ്രാമം
17/12/2022
ഇംഗ്ലണ്ടിലെ കെറ്ററിങ്ങില്‍ വെട്ടേറ്റുമരിച്ച അഞ്ജുവും മക്കളായ ജീവയും ജാന്‍വിയും.

വൈക്കം: ബ്രിട്ടനിലെ കെറ്ററിങ്ങില്‍ കൊല്ലപ്പെട്ട വൈക്കം കുലശേഖരമംഗലം ഇത്തിപ്പുഴ ആറായ്ക്കല്‍ അശോകന്റെ മകള്‍ അഞ്ജു(39)വിന്റെയും മക്കളായ ജീവ(ആറ്), ജാന്‍വി(നാല്)യുടെയും മരണവാര്‍ത്ത ഞെട്ടലോടെയാണ് ഇത്തിപ്പുഴ ഗ്രാമം അറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഞ്ജുവിനെയും മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നും ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ ചേലാവാലേല്‍ സാജു (52) പോലീസിന്റെ പിടിയിലായെന്നുമുള്ള വാര്‍ത്ത നാട്ടില്‍ അറിയുന്നത്.
കഴിഞ്ഞ ദിവസം അഞ്ജു ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബ്രിട്ടനിലെ മലയാളി സമാജത്തെ ബന്ധപ്പെടുകയായിരുന്നു. അവര്‍ കെറ്ററിങ്ങിലെ വീട്ടിലെത്തി നോക്കിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വാതില്‍ കുത്തിത്തുറന്നപ്പോഴാണ് മൂവരെയും ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നോര്‍ത്താംപ്റ്റണ്‍ ഷെയര്‍ പോലീസ് സൂപ്രണ്ട് സ്റ്റീവ് ഫ്രീമാന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. അഞ്ജുവിനെ ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. സാജുവിനെ 72 മണിക്കൂര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കും. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
2012ലായിരുന്നു അഞ്ജുവിന്റെയും സാജുവിന്റെയും വിവാഹം. വിവാഹത്തിന് ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്ത ഇരുവരും പിന്നീട് സൗദിയിലേക്ക് പോയി. അഞ്ജു അവിടെ ആശുപത്രിയില്‍ നഴ്സായും സാജു സ്വകാര്യകമ്പിനിയിലെ ജീവനക്കാരനായും ജോലി നോക്കി. ഇതിനിടെ ഇരുവരും ജോലി രാജിവെച്ച് 2021 ഒക്‌ടോബറില്‍ യു.കെയിലേക്ക് പോയി. കണ്ണൂരായിരുന്ന മക്കള്‍ ജീവയെയും ജാന്‍വിയെയും വൈക്കത്തെ വീട്ടിലും എത്തിച്ചു. യു.കെയിലെ കെറ്ററിങ്ങിലെ ആശുപത്രിയില്‍ നഴ്‌സായി അഞ്ജുവിന് ജോലി ലഭിച്ചപ്പോള്‍ സാജു അവിടെ ഡ്രൈവറായും ജോലി നോക്കി. കഴിഞ്ഞ ജൂണില്‍ കുട്ടികളെയും ബ്രിട്ടനിലേക്ക് കൊണ്ടു പോയി അവിടെ സ്‌കൂളില്‍ ചേര്‍ത്തു
നാലുമാസങ്ങള്‍ക്ക് മുമ്പ് സാജുവിന്റെ ജോലി നഷ്ടപ്പെട്ടെന്ന വിവരം അഞ്ജു വിളിച്ചറിയിച്ചിരുന്നതായി പിതാവ് അശോകന്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരും അവസാനമായി വിളിച്ചത്. അന്ന് മഴയായതിനാല്‍ ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. വ്യാഴാഴ്ച വിളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സാജു പെട്ടെന്ന് ദേഷ്യം വരുന്നയാളായിരുന്നുവെന്നും ഇതുമൂലം അഞ്ജു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും അശോകന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അശോകന്‍ വൈക്കം പോലീസിലും പരാതി നല്‍കി. പരേതയായ കാഞ്ചനയാണ് അഞ്ജുവിന്റെ അമ്മ. സഹോദരി: അശ്വതി (ചോറ്റാനിക്കര).

സി.കെ ആശ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ അഞ്ജുവിന്റെ ഇത്തിപ്പുഴയിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. മകളെയും കൊച്ചുമക്കളെയും അവസാനമായി ഒരു നോക്ക് കാണണമെന്ന് അഞ്ജുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ 30 ലക്ഷത്തോളം രൂപ ചെലവ് വരും. ഇതിനായി അശോകന്‍ സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ നോര്‍ക്കയുടെ സഹായത്തോടെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ എല്ലാവിധ സഹായവും തേടുമെന്ന് സി.കെ ആശ എംഎല്‍എ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു.