Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുര്യങ്കേരി-കട്ടപ്പുറം പാടശേഖരത്തില്‍ ഇനി നെല്ല് വിളയും
14/12/2022

വൈക്കം: കാല്‍നൂറ്റാണ്ടുകാലമായി തരിശുകിടന്ന വെച്ചൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ മുര്യങ്കേരി-കട്ടപ്പുറം പാടശേഖരം വീണ്ടും പച്ചപ്പണിയും. വെച്ചൂര്‍ പഞ്ചായത്തിന്റെയും റവന്യു-കൃഷി വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിസംബര്‍ 15ന്‌ ഉച്ചക്ക് രണ്ടിന് മുര്യങ്കേരി പാടശേഖരത്തിനു സമീപം നടക്കുന്ന സമ്മേളനം ഉദ്ഘാടനവും അനുമതി പത്രം കൈമാറലും റവന്യു മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. വിത ഉത്സവം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. 60 ഏക്കര്‍ വിസ്തൃതിയുള്ള മുര്യങ്കേരി പാടശേഖരത്തിലെ 18 ഹെക്ടര്‍ നിലം 1997ല്‍ ഡല്‍ഹി, ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചുള്ള നാലു കമ്പനികള്‍ വിലക്കുവാങ്ങിയതോടെയാണ് പാടശേഖരം തരിശായത്. കൃഷി നിലച്ചതോടെ പാടശേഖരത്തിന്റ പുറം ബണ്ടില്‍ താമസിക്കുന്ന 13 വീടുകളില്‍ വേനല്‍കാലത്തും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയായി. വേമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള ഭാഗത്തെ പുറംബണ്ട് പൊളിഞ്ഞതോടെ വേലിയേറ്റ സമയത്ത് വെള്ളം ഇരച്ചുകയറിയിരുന്നു. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകും വിഷ പാമ്പുകളും നിറഞ്ഞ് പ്രദേശവാസികളുടെ ജീവിതം ദുരിതപൂര്‍ണമായി മാറിയിരുന്നു.  സ്ത്രീകള്‍ക്കടക്കം ത്വക്ക് രോഗബാധയും ഉണ്ടായി. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി പഞ്ചായത്ത് അധികൃതര്‍ നെല്‍കൃഷി ചെയ്യുന്നതിനായി പാടശേഖരം വെച്ചൂര്‍ പഞ്ചായത്തിന് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പാലാ ആര്‍.ഡി.ഒയ്ക്ക് അപേക്ഷ നല്‍കി. തുടര്‍ന്ന് വസ്തു ഉടമകളുമായി ചര്‍ച്ച ചെയ്ത് ആര്‍.ഡി.ഒ ഒരു വര്‍ഷത്തേക്ക് കൃഷി ചെയ്യാന്‍ വെച്ചൂര്‍ പഞ്ചായത്തിന് അനുമതി നല്‍കുകയായിരുന്നു. നിനവ് പുരുഷ സ്വയം സഹായ സംഘത്തിന്റ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, പാലാ ആര്‍.ഡി.ഒ പി.ജി രാജേന്ദ്രബാബു, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത വര്‍ഗീസ്, പാടശേഖരസമിതി സെക്രട്ടറി പി.പി തങ്കച്ചന്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.