Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുട്ടിക്കൊരു വീട് പദ്ധതി: വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ടി.എയുടെ കൈത്താങ്ങ്
14/12/2022
'കുട്ടിക്കൊരു വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈക്കം ഉപജില്ലയിലെ വെച്ചൂരില്‍ കെ.എസ്.ടി.എ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ മുതിര്‍ന്ന സിപിഎം നേതാവ് വൈക്കം വിശ്വന്‍ കുടുംബത്തിന് കൈമാറുന്നു.

വൈക്കം: തല ചായ്ക്കാനിടമില്ലാത്തവര്‍ക്ക് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് കെ.എസ്.ടി.എയുടെ ഇടപെടലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് വൈക്കം വിശ്വന്‍. കുട്ടിക്കൊരു വീട് പദ്ധതിയില്‍ ഉള്‍പെടുത്തി വെച്ചൂരില്‍ കെ.എസ്.ടി.എ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കായി വീട് ഒരുക്കുന്ന മാതൃക അഭിനന്ദാര്‍ഹമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. കുടവച്ചൂര്‍ ദേവീവിലാസം സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്. വെച്ചൂര്‍ ഇടയാഴത്ത് നടന്ന ചടങ്ങില്‍ കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ടി.രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സി. അംഗം കെ.വി അനീഷ് ലാല്‍ പദ്ധതി വിശദീകരിച്ചു. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ കരാറുകാരനെ ആദരിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍ വീട്ടുപകരണങ്ങള്‍ കൈമാറി. എട്ടുലക്ഷം രൂപ ചെലവില്‍ 850 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് പൂര്‍ത്തിയാക്കിയത്. രണ്ടു കിടപ്പുമുറിയും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങുന്നതാണ് വീട്. അധ്യാപകരില്‍ നിന്ന് സ്വരൂപിച്ച പണംകൊണ്ടായിരുന്നു നിര്‍മാണം. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം വീണ അജി, പഞ്ചായത്ത് അംഗം എന്‍.സുരേഷ് കുമാര്‍, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ പ്രസാദ്, ജില്ലാ സെക്രട്ടറി കെ.എസ് അനില്‍കുമാര്‍, മറ്റു ഭാരവാഹികളായ അനിത സുശീല്‍, വി.കെ ഷിബു, എല്‍.ബിന്ദു, എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം.എന്‍ അനില്‍കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രിയ ഗോപാല്‍, ജെ.ഗീതാദേവി, കെ.എസ് ഷിബു, ജയപ്രസാദ്, കെ.വി ജെയ്‌മോന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയില്‍ നാലു വീടുകളാണ് നല്‍കുന്നത്.