Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂരില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം; ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി
13/12/2022
ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം പഠിക്കാന്‍ വെള്ളൂരിലെത്തിയ കുമരകം കാര്‍ഷിക വികസന കേന്ദ്രത്തിലെ ഉദ്യോഗസ്ഥ സംഘം ജനപ്രതിനിധികളോടും നാട്ടുകാരോടുമൊപ്പം.

തലയോലപ്പറമ്പ്: വെള്ളൂരില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം രൂക്ഷമായി. ആറു മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിന്റെ 10-ാം വാര്‍ഡില്‍ ചങ്ങമത ദേവീക്ഷേത്രത്തിന് സമീപമാണ് ആഫ്രിക്കന്‍ ഒച്ചിനെ ആദ്യം കണ്ടെത്തുന്നത്. നിലവില്‍ 10-ാം വാര്‍ഡിലെ ആലപ്പാട്ട്, കോതോടം, പള്ളിയാത്ത്, പൂണിത്തുറ, വടക്കേമുണ്ടകപ്പാടം, ചകിരിപ്പാടം ഭാഗങ്ങളിലും, സമീപ പ്രദേശങ്ങളിലും ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനം അതിരൂക്ഷമാണ്. അഞ്ഞൂറിലധികം കുടുംബങ്ങള്‍ ഒച്ചിന്റെ ഭീഷണിയിലാണ്. രാത്രിയാകുമ്പോള്‍ ഒച്ചുകള്‍ മരങ്ങളിലും വീടുകളിലും കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കന്നുകാലികളെ വളര്‍ത്തിയും നെല്ല്, വാഴ കൃഷി ചെയ്തും ഉപജീവനം നടത്തുന്നവരെയാണ് ഒച്ചുകളുടെ വ്യാപനം കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇവയുടെ ഭീമമായ പുറംതോടു നിര്‍മിക്കുന്നതിനായി കാത്സ്യം ആവശ്യമാണ്. അതിനായി കുമ്മായം, മണല്‍, ചുമര്, മതില്‍, തടി എന്നിവയും ഭക്ഷിക്കുന്നതിനാല്‍ വീടുകളിലേക്കും ഇവയുടെ ശല്യം വ്യാപിക്കുമെന്ന ആശങ്ക ശക്തമാണ്.
ഒച്ചിന്റെ ശല്യം പഠിക്കാന്‍ കുമരകം കാര്‍ഷിക വികസന കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി.എസ് ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.നികിതകുമാര്‍, വൈസ് പ്രസിഡന്റ് ജയ അനില്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിനി സാജു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഹിളാമണി, ലിസി സണ്ണി, കൃഷി ഓഫീസര്‍ വിദ്യ, ഷീബ, സുരേഷ് കുമാര്‍, സുനില്‍, തങ്കച്ചന്‍ എന്നിവരും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. സംഘം ജനങ്ങളില്‍ നിന്ന് നേരിട്ടു വിവരം ശേഖരിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ പഞ്ചായത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.നികിതകുമാര്‍ അറിയിച്ചു.