Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ദര്‍ശനം ഭക്തിനിര്‍ഭരം
07/12/2022
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ദര്‍ശനത്തിനായി നട തുറന്നപ്പോള്‍.

വൈക്കം: ഹരഹര ജപത്തോടെ എത്തിയ നൂറുകണക്കിന് ഭക്തര്‍ ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ദര്‍ശനം തൊഴുത് ആനന്ദ നിര്‍വ്യതി നേടി. വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ടു പോയതിനു ശേഷം നടന്ന വിശേഷാല്‍ ചടങ്ങിന് ശേഷം മേല്‍ശാന്തി ഉമേഷ് നമ്പൂതിരിയാണ് തൃക്കാര്‍ത്തിക ദര്‍ശനത്തിനായി നട തുറന്നത്. താരാകസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായി വരുന്ന ദേവസേനാപതിയായ ഉദയനാപുരത്തപ്പന് ദേവഗണങ്ങള്‍ നിറദീപം തെളിയിച്ച് വരവേറ്റ മൂഹൂര്‍ത്തമാണ് കാര്‍ത്തികയായി കൊണ്ടാടുന്നത്. ആചാരപെരുമയോടെ നടന്ന വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പിന് ഗജവീരന്‍ ചിറക്കടവ് തിരുനീലകണ്ഠന്‍ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. അമ്പാടി ബാലനാരായണന്‍, മലയന്‍കീഴ് ശ്രീവല്ലഭന്‍ എന്നിവര്‍ അകമ്പടിയായി.
കാര്‍ത്തിക ദിനത്തില്‍ ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിയത്. അന്നദാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 80 പറ അരിയുടെ വിഭവസമൃദ്ധമായ അന്നദാനമാണ് ഒരുക്കിയത്. കഴിഞ്ഞ 20 വര്‍ഷമായി കാര്‍ത്തിക നാളില്‍ അന്നദാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസാദഊട്ട് നടത്തി വരുന്നുണ്ട്. ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ കൊടിയേറ്റ് ദിനം മുതല്‍ ആറാട്ട് വരെ ക്ഷേത്രത്തില്‍ പ്രഭാത ഭക്ഷണം, അന്നദാനം, അത്താഴ കഞ്ഞി എന്നിവയും നല്‍കുന്നു. വൈക്കത്തെ പ്രാതല്‍ ഒരുക്കുന്നവരാണ് ഉദയനാപുരത്തും പ്രാതല്‍ തയ്യാറാക്കുന്നത്.