Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ വില അറിയാത്തവര്‍: അമര്‍ജിത് കൗര്‍
07/12/2022
ആലപ്പുഴയില്‍ നടക്കുന്ന എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ തൊഴിലാളി സംഗമം എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം തൊഴില്‍ മേഖലയാകെ തകര്‍ന്നിരിക്കുകയാണെന്ന് എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍. ആലപ്പുഴയില്‍ 16 മുതല്‍ 20 വരെ നടത്തുന്ന എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംഘ്പരിവാര്‍ ഭരണത്തില്‍ തൊഴിലാളികള്‍ അവഗണിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. രാജ്യത്തെ സ്വത്ത് ജനങ്ങളുടേതാണ്. ആ സ്വത്ത് വിറ്റ് രാജ്യത്തിന്റെ പൊതുമേഖല നശിപ്പിച്ച് നമ്മുടെ സമ്പത്ത് കൊള്ളയടിക്കുന്ന ഭരണാധികാരികള്‍ക്കെതിരായി അതിശക്തമായ പോരാട്ടമാണ് വേണ്ടത്. മറ്റുള്ളവരുടെ ദുരിതവും കഷ്ടപ്പാടും വേദനയും കണ്ടു സന്തോഷിക്കുന്ന സാഡിസ്റ്റാണ് നരേന്ദ്ര മോഡി. കോവിഡ് കാലത്ത് കേരളം മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. ജനക്ഷേമ ഭരണാധികാരത്തിന്റെ കടമ എന്താണെന്ന് കാണിച്ചത് കേരളത്തിലെ ഇടതുപക്ഷ ഭരണ സംവിധാനമാണ്. എന്നാല്‍ രാജ്യത്തെ സ്ഥിതി അതല്ല. വന്‍കിട കോര്‍പ്പറേറ്റുകളുടെ ലാഭത്തിനായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. മോഡി സര്‍ക്കാരിന്റെ കീഴില്‍ സകലവിഭാഗം ജനങ്ങള്‍ക്കും ദുരിതങ്ങള്‍ മാത്രമാണ്.
രാജ്യഭരണം തെറ്റായ ദിശയിലായിരിക്കുമ്പോള്‍ നേര്‍വഴിക്കുനടത്തേണ്ട കടമ ജനങ്ങള്‍ക്കുണ്ട്. സ്വാതന്ത്ര്യത്തിന്റെ വില അറിയാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റുതുലച്ചവര്‍ സേനകളില്‍ കരാര്‍ നിയമനം നടത്താനുള്ള ശ്രമത്തിലാണ്. രാജ്യത്തിന്റെ സമ്പത്തും ശക്തിയും തൊഴിലാളി വര്‍ഗമാണെന്നുള്ള തിരിച്ചറിവ് ഓരോ ഭരണാധികാരികള്‍ക്കും ഉണ്ടാകണമെന്നും അമര്‍ജിത് കൗര്‍ കൂട്ടിച്ചേര്‍ത്തു.
ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടത്തിയ സംഗമത്തില്‍ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു, സിപിഐ സംസ്ഥാന എക്‌സി. അംഗം സി.കെ ശശിധരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, അഡ്വ. വി.കെ സന്തോഷ് കുമാര്‍, പി.കെ കൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി മണലൊടി, ജില്ലാ എക്‌സി. അംഗങ്ങളായ കെ അജിത്ത്, ബാബു കെ ജോര്‍ജ്, ഇ.എന്‍ ദാസപ്പന്‍, ബികെഎംയു സംസ്ഥാന സെക്രട്ടറി പി സുഗതന്‍, എഐടിയുസി മണ്ഡലം പ്രസിഡന്റുമാരായ കെ.ഡി വിശ്വനാഥന്‍, ഡി ബാബു, സെക്രട്ടറിമാരായ കെ.എസ് രത്നാകരന്‍, പി.എസ് പുഷ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.