Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൃക്കാര്‍ത്തിക ഉത്സവം: കുലവാഴപുറപ്പാട് ഭക്തിസാന്ദ്രമായി
06/12/2022
ഉദയനാപുരം ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി 958-ാം നമ്പര്‍ തെക്കേമുറി എന്‍എസ്എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാട് കൊച്ചുഭഗവതി ക്ഷേത്രത്തിനു മുന്നില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി സംയുക്ത എന്‍.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്ക് നടത്തിയ കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി. 634-ാം നമ്പര്‍ ഇരുമ്പൂഴിക്കര കരയോഗത്തിന്റെ കുലവാഴ പുറപ്പാട് കരയോഗം മന്ദിരത്തില്‍ നിന്നും ആരംഭിച്ചു. ഗജവീരന്‍ ചിറക്കടവ് തിരുനീലകണ്ഠനും താലപ്പൊലിയും അകമ്പടിയായി. കരയോഗം ഭാരവാഹികളായ അശോകന്‍ കാണിയാട്ട്, മനോജ് തച്ചാട്ട് വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
958-ാം നമ്പര്‍ തെക്കേമുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാട് കൊച്ചുഭഗവതിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ് ആരംഭിച്ചത്. ഗജവീരന്‍ മലയിന്‍ കീഴ് ശ്രീവല്ലഭന്‍, താലപ്പൊലി, വിവിധ വാദ്യമേളങ്ങള്‍ എന്നിവ അകമ്പടിയായി. ഭാരവാഹികളായ വേലുക്കുട്ടി നായര്‍, അയ്യേരി സോമന്‍, രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 814-ാം നമ്പര്‍ പടിഞ്ഞാറെമുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാട് ശ്രീനാരായണപുരം ക്ഷേത്രത്തില്‍ നിന്നാണ് തുടങ്ങിയത്. ഗജവീരന്‍ അമ്പാടി ബാല നാരായണന്‍, താലപ്പൊലി വാദ്യമേളങ്ങള്‍ അകമ്പടിയായി. കരയോഗം ഭാരവാഹികളായ രാജശേഖരന്‍ നായര്‍, അനില്‍കുമാര്‍, ശിവന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പടിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച 697-ാം നമ്പര്‍ വടക്കേമുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാടിന് ഗജവീരന്‍ ചിറക്കടവ് തിരുനീലകണ്ഠനും താലപ്പൊലിയും വാദ്യമേളവും അകമ്പടിയായി. കരയോഗം ഭാരവാഹികളായ ശശികുമാര്‍, രാജശേഖരന്‍, പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. ആര്‍ഭാടപൂര്‍വം ക്ഷേത്രത്തില്‍ എത്തിച്ച കുലവാഴകള്‍ കരയോഗം പ്രവര്‍ത്തകര്‍ ക്ഷേത്രത്തിലെ നാലു വശവുമുള്ള വിളക്കുമാടങ്ങളില്‍ ചാര്‍ത്തി അലങ്കരിച്ചു.