Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴയില്‍ പാടത്ത് വെള്ളം നിറഞ്ഞു; നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാതെ കര്‍ഷകര്‍
03/12/2022
കൊയ്ത്ത് യന്ത്രമിറക്കാനാവാതെ വന്നതോടെ നെല്ല് അടിഞ്ഞു നശിച്ച വെച്ചൂര്‍ ചെറുവള്ളിക്കരി പാടശേഖരം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സോജി ജോര്‍ജ് എന്നിവര്‍ സന്ദര്‍ശിക്കുന്നു.
 
വൈക്കം: മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ പാടത്ത് കൊയ്ത്തു യന്ത്രങ്ങള്‍ താണതോടെ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാത്തത്  കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായി. വെച്ചൂര്‍ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന  ചെറുവള്ളിക്കരി പാടത്തെ കര്‍ഷകര്‍ക്കാണ് മഴയെത്തുടര്‍ന്ന് കൃഷി നാശം നേരിട്ടത്. 96 ഏക്കര്‍ വിസ്തൃതിയുള്ള ചെറുവള്ളിക്കരി പാടത്ത് അര ഏക്കര്‍ മുതല്‍ ഒരു ഹെക്ടര്‍ വരെ നിലമുള്ള 46 കര്‍ഷകരാണുള്ളത്. 76 ഏക്കറോളം കൊയ്ത് കഴിഞ്ഞപ്പോഴാണ് കനത്ത മഴയില്‍ പാടത്ത് വെള്ളം നിറഞ്ഞത്. ശേഷിച്ച 20 ഏക്കറില്‍ നാലു പാട്ടകര്‍ഷകരടക്കം എട്ടുപേരുടെ നെല്ല് ഇനി കൊയ്യാനുണ്ട്. വെള്ളം പമ്പ് ചെയ്തു പുറംതള്ളിയെങ്കിലും നനവ് മാറാതിരുന്ന പാടത്ത് കൊയ്ത്ത് യന്ത്രങ്ങള്‍ താഴുകയായിരുന്നു. പിന്നീട് കര്‍ഷകതൊഴിലാളി സ്ത്രീകള്‍ അരിവാളിന് കൊയ്‌തെടുത്തെങ്കിലും നല്ലൊരു പങ്ക് നെല്ലും പാടത്ത് ഉതിര്‍ന്നു വീണു. 20,000 രൂപ ഏക്കറിന് നല്‍കി പാട്ടകൃഷി ചെയ്ത നാലു കര്‍ഷകരുടെ ഉള്‍പ്പെടെ വിളവെടുക്കാന്‍ കനത്ത തുക ചെലവാക്കേണ്ടി വന്നു. ഏക്കറിന് 30,000 രൂപ ചെലവഴിച്ച് കൃഷി ചെയ്ത പാടത്ത് ആദ്യം കൊയ്‌തെടുത്തവര്‍ക്ക് ഏക്കറിന് 20നും 25 ക്വിന്റലിനുമിടയില്‍ നെല്ല് ലഭിച്ചിരുന്നു. കൊയ്ത്ത് യന്ത്രം താണതിനെ തുടര്‍ന്ന് സമയത്ത് കൊയ്യാന്‍ കഴിയാതിരുന്ന കര്‍ഷകര്‍ക്ക് ഏക്കറിന് അഞ്ച് ക്വിന്റല്‍ നെല്ലോളം മാത്രമാണ് ലഭിച്ചത്.  വന്‍വിളവ് ലഭിക്കുമായിരുന്ന സാഹചര്യമുണ്ടായിട്ടും കൊയ്ത്തുയന്ത്രമിറക്കി വിളവെടുപ്പ് നടത്താന്‍ കഴിയാതെ വന്നതോടെ വിളവില്‍ പകുതിയിലധികം നഷ്ടമായതിനു പുറമെ കൂലിച്ചെലവിനത്തിലും വന്‍ തുക മുടക്കേണ്ടി വന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയതായി കര്‍ഷകര്‍ പറയുന്നു. ഒരു പാടശേഖരത്തിലെ രണ്ട് മോട്ടോറുകള്‍ രണ്ട് വൈദ്യുതി ഭവനു കീഴിലായതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കൃഷിനാശം സംഭവിച്ച പാടശേഖരത്തില്‍ വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈല കുമാര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സോജി ജോര്‍ജ് , കൃഷി അസിസ്റ്റന്റ് ബിജു എന്നിവര്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക്  നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി കൃഷി വകുപ്പിനോട് പഞ്ചായത്ത് കമ്മറ്റി ശുപാര്‍ശ ചെയ്യുമെന്ന് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ പറഞ്ഞു. വിളവ് നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കൃഷി വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ചെറുവള്ളിക്കരിപാടശേഖര സമിതി പ്രസിഡന്റ് ആനാശേരി രഘു, സെക്രട്ടറി ഷിന്റോ ജോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.