Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹനവും പണവും തട്ടിയ കേസില്‍ സുവിശേഷകന്‍ പോലീസ് പിടിയില്‍
02/12/2022
തലയോലപ്പറമ്പ്: ആളുകളെ കബളിപ്പിച്ച് വാഹനവും പണവും തട്ടിയ കേസില്‍ സുവിശേഷകനെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി മാന്നാര്‍ പൂഴിക്കോല്‍ ക്രിസ്റ്റഫര്‍ ഭവന്‍ വീട്ടില്‍ സി.ജെ ഷാജി(61)യെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തലയോലപ്പറമ്പ് സ്വദേശിയില്‍ നിന്നും ആശുപത്രിയില്‍ പോകുന്നതിനായി കാര്‍ വാങ്ങി കൊണ്ടുപോയി തിരികെ നല്‍കാതെ ഒരു വര്‍ഷക്കാലമായി കബളിപ്പിച്ച് നടക്കുകയായിരുന്നു. മുന്‍പ് മാന്നാറിലുള്ള വീട്ടമ്മയുടെ വസ്തു വിറ്റുകിട്ടിയ തുകയായ 20 ലക്ഷം രൂപ മറ്റൊരു വസ്തു വാങ്ങി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് തട്ടിയെടുക്കുകയും ചെയ്ത കേസിലും ഷാജി പ്രതിയാണ്. തലയോലപ്പറമ്പ് പള്ളികവല ഭാഗത്ത് സുവിശേഷ പ്രവര്‍ത്തനം നടത്തിവരുന്ന കാലയളവിലാണ് വിശ്വാസികളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തി വന്നിരുന്നത്. തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ കോട്ടയത്തുനിന്നും പിടികൂടുകയുമായിരുന്നു. തലയോലപ്പറമ്പ് എസ്.ഐ ടി.ആര്‍ ദീപു, എസ്.ഐമാരായ സുദര്‍ശനന്‍, എന്‍.ജി സിവി, എ.എസ്.ഐ സുശീലന്‍, സി.പി.ഒമാരായ മുഹമ്മദ് ഷെബിന്‍, പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.