Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഥകളിയെ അരങ്ങിലെത്തിച്ച് ബ്രഹ്മമംഗലം ഹൈസ്‌കൂള്‍
30/11/2022
ബ്രഹ്മമംഗലം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ കഥകളി.

തലയോലപ്പറമ്പ്: കഥകളിയെ നെഞ്ചോട് ചേര്‍ത്തു ബ്രഹ്മമംഗലം ഹൈസ്‌കൂളിലെ കുട്ടികള്‍. പുസ്തകത്താളുകളിലെ ചിത്രങ്ങള്‍ ജീവനോടെ മുന്നില്‍ കണ്ടപ്പോള്‍ കുട്ടികളുടെ മുഖത്ത് അത്ഭുതത്തിന്റെയും സന്തോഷത്തിന്റെയും രസങ്ങള്‍ മാറിമാറി വന്നു. പത്താം ക്ലാസിലെ മലയാള പാഠത്തില്‍ പഠിക്കാനുള്ള 'പ്രലോഭനം' എന്ന ഭാഗം ബ്രഹ്മമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കഥകളിയായി അരങ്ങത്ത് കണ്ടപ്പോള്‍ കുട്ടികളോടൊപ്പം അധ്യാപകരും ആവേശഭരിതരായി. പ്രശസ്ത കഥകളി  കലാകാരി രഞ്ജിനി സുരേഷും കലാകാരന്‍ പള്ളിപ്പുറം സുനിലും ചേര്‍ന്ന് നടത്തിയ കഥകളി സോദാഹരണ ക്ലാസും ചൊല്ലിയാട്ടവും കുട്ടികള്‍ക്ക് കഥകളി ആസ്വാദനം വളരെ എളുപ്പത്തിലാക്കി. കലിയായി കലാമണ്ഡലം നീരജും പുഷ്‌കരനായി കലാമണ്ഡലം പ്രശാന്തും അരങ്ങില്‍ ആടി തിമിര്‍ക്കുമ്പോള്‍ കഥകളി എന്ന കലാരൂപത്തെ കുട്ടികള്‍ നെഞ്ചോട് ചേര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ബ്രഹ്മമംഗലം സ്‌കൂളിലെ പൂര്‍വ  വിദ്യാര്‍ഥികളാണ് കുട്ടികള്‍ക്കായി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കഥകളി നടത്താനുള്ള ചെലവ് വഹിച്ചത്. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കഥകളിയുടെ ദീപപ്രകാശനം സ്‌കൂള്‍ മാനേജര്‍ വി.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.ജയപ്രകാശിന്റെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എന്‍.ജയശ്രീ, പ്രിന്‍സിപ്പാള്‍മാരായ എസ്.അഞ്ജന, എസ്.അഞ്ജു എന്നിവര്‍ പങ്കെടുത്തു.