Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം അന്ധകാര തോടിന്റെ ശുചീകരണ ജോലികള്‍ തുടങ്ങി
23/11/2022
വൈക്കം നഗരപരിധിയിലെ അന്ധകാര തോടിന്റെ ശുചീകരണ പ്രവര്‍ത്തനം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദീര്‍ഘകാലമായി മാലിന്യവാഹിനിയായി ജനജീവിതം ദുസ്സഹമാക്കുന്ന അന്ധകാര തോട്ടില്‍ തെളിനീരൊഴുക്കാന്‍ ശുചീകരണം തുടങ്ങി. നഗരസഭ പ്ലാന്‍ ഫണ്ടില്‍പ്പെടുത്തി എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് മാലിന്യങ്ങള്‍ നീക്കി തോട് ശുചീകരിക്കുന്നത്. നഗരസഭയുടെ 2, 15, 16, 17, 20, 22 വാര്‍ഡുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് അന്ധകാരത്തോടിന്റെ ദൈര്‍ഘ്യം. കാലങ്ങളായി മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം പരത്തി സമീപവാസികള്‍ക്ക് ദുരിതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന അന്ധകാര തോട് ശുചീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അന്ധകാരത്തോടിന്റെ തെക്കേഅറ്റം കെ.വി കനാലുമായി ബന്ധപ്പെട്ടതും വടക്കേഅറ്റം കണിയാംതോടുമായും ചേര്‍ന്നതാണ്. എന്നാല്‍ നിലവില്‍ അതിനു രണ്ടു കിലോമീറ്ററിനിപ്പുറം കൊച്ചുകവല-കൊച്ചാലുംചുവട് റോഡിനുസമീപം തോട് അവസാനിക്കുകയാണ്. അവിടെ നിന്ന് വടക്കോട്ട് കണിയാംതോട് വരെയുള്ള ഭാഗങ്ങളിലും പല സ്ഥലങ്ങളിലും കയ്യേറ്റങ്ങള്‍ തോട് ഇല്ലാത്ത അവസ്ഥയിലാണ്. തെക്കോട്ട് നിര്‍ബാധം ഒഴുകുന്നതിന സൗകര്യമുണ്ടെങ്കിലും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നതിനാലും ചില സ്ഥലങ്ങളില്‍ മണല്‍ തിട്ട രൂപപ്പെട്ടതിനാലും നീരൊഴുക്ക് ഇല്ലാത്ത അവസ്ഥയാണ്. അന്ധകാര തോടിന്റെ ദുരിതപൂര്‍ണമായ അവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ടൗണ്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ ഒപ്പുശേഖരണം നടത്തി നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. 1500 മീറ്റര്‍ ഭാഗമാണ് ഇപ്പോള്‍ ശുചീകരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, അശോകന്‍ വെള്ളവേലി, ബി രാജശേഖരന്‍, ബിന്ദു ഷാജി, കോണ്‍ട്രാക്ടര്‍ അജി മാധവന്‍, ഷാജി വല്ലൂത്തറ എന്നിവര്‍ പങ്കെടുത്തു.