Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓളപ്പരപ്പില്‍ ആവേശമായി ചെമ്പിലരയന്‍ ജലോത്സവം
21/11/2022
ചെമ്പ് പഞ്ചായത്തും ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബും സംയുക്തമായി മുറിഞ്ഞപുഴയില്‍ നടത്തിയ മത്സര വള്ളംകളി.
 
തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിലെ ഓളപ്പരപ്പില്‍ ആവേശം വാനോളമുയര്‍ത്തിയ ചെമ്പിലരയന്‍ ജലോത്സവം. വള്ളംകളി പ്രേമികള്‍ കാത്തിരുന്ന, ആവേശം അലതല്ലിയ മത്സരത്തില്‍ പ്രഥമ ചെമ്പിലരയന്‍ ട്രോഫി മൂത്തകുന്നം മലര്‍വാടി ബോട്ട് ക്ലബിന്റെ ഗോതുരുത്ത് പുത്രന്‍ കരസ്ഥമാക്കി. രണ്ടാം സ്ഥാനം താന്തോന്നി തുരുത്ത് ബോട്ട് ക്ലബ് തുഴഞ്ഞ താണിയനും മൂന്നാം സ്ഥാനം വളന്തക്കാട് രാഗം ബോട്ട് ക്ലബിന്റെ പൊഞ്ഞനത്തമ്മയും നേടി. ചെമ്പ് പഞ്ചായത്തും ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബും സംയുക്തമായാണ് വള്ളം കളി മത്സരം സംഘടിപ്പിച്ചത്. ഇരുട്ടുകുത്തി എ ഗ്രേഡില്‍ ഒന്‍പതും ബി ഗ്രേഡില്‍ എട്ടും നാല് വനിതകളുടെ വള്ളങ്ങളും 10 നാടന്‍ കളിവള്ളങ്ങളുമടക്കം 31 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.
മൂവാറ്റുപുഴയാറിന്റെ കൈവഴിയായ മുറിഞ്ഞുപുഴയില്‍ നടന്ന വള്ളംകളി മത്സരം കാണാന്‍ മുറിഞ്ഞുപുഴ പഴയ പാലത്തിലും മുവാറ്റുപുഴയാറില്‍ വള്ളങ്ങളിലും തീരങ്ങളുടെ ഇരുവശങ്ങളിലുമായി ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. ഫൈനലില്‍ ആവേശം അണപൊട്ടി. ആര്‍പ്പുവിളികളോടെയാണ് ജനങ്ങള്‍ ഓരോ മത്സരവും എതിരേറ്റത്. വള്ളംകളി ഡെപ്യട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ ആശ എംഎല്‍എ. അധ്യക്ഷത വഹിച്ചു. യുഎസ്എ. ആറ്റോമിക് ഗ്ലോബല്‍ കോര്‍പ്പറേഷന്‍ ചീഫ് എക്‌സി. ജനറല്‍ ഡോ. വിവേക് ലാല്‍, കോലഞ്ചേരി സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര ഫ്‌ളാഗ് ഓഫ് ചെയ്തു.
എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ സുവനീര്‍ പ്രകാശനം നടത്തി. തോമസ് ചാഴികാടന്‍ എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ചെമ്പിലരയന്‍ ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ എസ്.ഡി സുരേഷ് ബാബു, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍, വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍,  ജലോത്സവ കമ്മിറ്റി ട്രഷറര്‍ കെ.എസ് രത്‌നാകരന്‍, ചെമ്പിലരയന്‍ ബോട്ട് ക്ലബ് ക്യാപ്റ്റന്‍ കെ.ജെ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സി.കെ ആശ എംഎല്‍എ., വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി എന്നിവര്‍ ചേര്‍ന്നു നല്‍കി.