Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന്റെ തിരുമുറ്റത്ത് തിരിനാളങ്ങള്‍ മിഴിതുറക്കും
16/11/2022
വൈക്കത്തഷ്ടമി ദിനത്തിലെ വിളക്ക് എഴുന്നള്ളിപ്പ് (ഫയല്‍ ചിത്രം)

വൈക്കം: അഷ്ടമി ദര്‍ശനവും പ്രാതലും കഴിഞ്ഞാല്‍ പ്രധാന ചടങ്ങായ അഷ്ടമി വിളക്ക് വ്യാഴാഴ്ച രാത്രി 11ന് നടക്കും. ഗജവീരന്‍ പാമ്പാടി രാജന്‍ വൈക്കത്തപ്പന്റെ തിടമ്പേറ്റി ആര്‍ഭാടങ്ങള്‍ ഇല്ലാതെ കിഴക്കേപന്തലിലേക്ക് എഴുന്നള്ളും. താരകാസുര നിഗ്രഹത്തിനു ശേഷം രാജകീയ പ്രൗഢിയോടെ ഉദയനാപുരത്തപ്പനും വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ഗജവീരന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ ആണ് ഉദയനാപുരത്തിന്റെ തിടമ്പേറ്റുന്നത്. കൂട്ടുമ്മേല്‍ ഭഗവതി, ശ്രീനാരായണപുരം ദേവന്‍ എന്നിവരോടൊപ്പം എത്തിച്ചേരുന്ന ഉദയനാപുരത്തപ്പന് വലിയകവല, കൊച്ചാലുംചുവട്, വടക്കേനട എന്നിവിടങ്ങളില്‍ അലങ്കാര പന്തല്‍ ഒരുക്കി നിറദീപം തെളിയിച്ചു വരവേല്‍ക്കും. വര്‍ണക്കുട കരിക്കിന്‍ കുല, വാഴക്കുല തുടങ്ങിയവയാലും പുഷ്പമാല്യങ്ങള്‍ ഒരുക്കിയുമാണ് ഉദയനാപുരത്തപ്പനെ വരവേല്‍ക്കുന്നത്. നാദസ്വര ചക്രവര്‍ത്തിമാരുടെ കീര്‍ത്തനങ്ങള്‍ എഴുന്നള്ളിപ്പിന്റെ മോടി കൂട്ടും.
മൂത്തേടത്തുകാവ് ഭഗവതി, ഇണ്ടംതുരുത്തില്‍ ഭഗവതി എന്നിവര്‍ക്ക് തെക്കനടയില്‍ വരവേല്‍പ്പ് നല്‍കും. കിഴക്കുംകാവ് ഭഗവതി, പുഴവായി കുളങ്ങര മഹാവിഷ്ണു എന്നിവര്‍ തെക്കെ ഗോപുരനടയില്‍ വച്ച് മൂത്തേടത്തുകാവ് ദേവിയോട് ഒന്നിച്ച് നാലമ്പലത്തിന്റെ വടക്കുവശം എത്തിചേരും. തൃണയംകുടത്തപ്പന്‍ ഉദയനാപുരത്തപ്പനുമായി ഒന്നിച്ച് വടക്കേഗോപുരം വഴി നാലമ്പലത്തിനു വടക്കുഭാഗത്ത് എത്തും. എഴുന്നള്ളിപ്പുകള്‍ ഒരുമിച്ച് വൈക്കത്തപ്പന്‍ എഴുന്നള്ളി നില്‍ക്കുന്ന വ്യാഘ്രപാദതറയില്‍ എത്തിചേരുന്ന അവസരത്തില്‍ അവകാശിയായ കറുകയില്‍ കൈമള്‍ വാദ്യമേളങ്ങളേടെ പല്ലക്കില്‍ കാണിക്ക അര്‍പ്പിക്കും. ഒരു പ്രദക്ഷിണത്തിനു ശേഷം ദേവീദേവന്‍മാരും പിന്നീട് ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്ര ചോദിച്ചു പിരിയും. ഈ സമയം ദു:ഖം ദുഃഖകണ്ഠാരം എന്ന രാഗത്തില്‍ നാദസ്വരം വായിക്കും.