Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമിക്കൊരുങ്ങി ക്ഷേത്രനഗരി
16/11/2022
വൈക്കത്തഷ്ടമിയുടെ പതിനൊന്നാം ഉത്സവ ദിവസം നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിക്കൊരുങ്ങി ക്ഷേത്രനഗരി. വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് നടതുറന്ന് ഉഷപൂജക്കും എതൃത്ത പൂജക്കും ശേഷം 4.30നാണ് അഷ്ടമിദര്‍ശനം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ള ആല്‍ത്തറയില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് പരമേശ്വരന്‍ പാര്‍വതി സമേതനായി ദര്‍ശനം നല്‍കി അഭീഷ്ടസിദ്ധി വരം നല്‍കി അനുഗ്രഹിച്ച കാര്‍ത്തിക മാസത്തിലെ പുണ്യമുഹൂര്‍ത്തമാണ് വൈക്കത്തഷ്ടമിയായി കൊണ്ടാടുന്നത്. അഷ്ടമി ദര്‍ശനത്തിനായി ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തുക.
അഷ്ടമി പ്രാതല്‍ രാവിലെ 10.30ന് ആരംഭിക്കും. 121 പറ അരിയുടെ പ്രാതലാണ് ഒരുക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് നാലു വരെ ഊട്ടുപുരയുടെ ഇരുനിലകളിലുമായി പ്രാതല്‍ നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. അത്താഴ ഊട്ടിലും നിരവധി ഭക്തര്‍ പങ്കെടുക്കും.
രാത്രി 10നാണ് അഷ്ടമി വിളക്ക്. 11ന്ഉദയനാപുരത്തപ്പന്റെ വരവ്, 18ന് പുലര്‍ച്ചെ രണ്ടിന് വലിയ കാണിക്ക, നാലിന് വെടിക്കെട്ട്, ഉദയനാപുരന്തപ്പന്റെ യാത്രയയപ്പ്, വൈകിട്ട് അഞ്ചിന് വൈക്കത്തപ്പന്റെ ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 10ന് ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കൂടിപ്പൂജയും കൂടിപ്പൂജ വിളക്കും എന്നിവ നടക്കും. 19ന് വൈക്കം ക്ഷേത്രത്തില്‍ മുക്കുടി നിവേദ്യവുമുണ്ട്. ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി ബാരിക്കോഡുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. വഴിപാട് നടത്തുന്നതിനും പ്രാതലില്‍ പങ്കെടുക്കുന്നവര്‍ക്കും വേണ്ട ക്രമീകരണങ്ങളും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.