Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൈകള്‍ ബന്ധിച്ച് കായല്‍ നീന്തി ചരിത്രം കുറിച്ച് കൊച്ചുമിടുക്കി
14/11/2022
കൈകള്‍ ബന്ധിച്ച് വേമ്പനാട്ടു കായല്‍ നീന്തിക്കയറിയ 11കാരി ലയ ബി നായരെ പരിശീലകനും അച്ഛനുമായ ബിജു തങ്കപ്പന്‍ കരയിലേക്ക് എടുത്തുകൊണ്ടു വരുന്നു.

വൈക്കം: കൈകള്‍ ബന്ധിച്ച് വേമ്പനാട്ടു കായല്‍ നീന്തി 11 വയസ്സുകാരി ലയ ബി നായര്‍ ചരിത്രം കുറിച്ചു. ചേര്‍ത്തല താലൂക്കിലെ തവണക്കടവില്‍ നിന്നും വൈക്കത്തെ കായലോര ബീച്ചിന്റെ തീരത്തേക്കാണ് ലയ നീന്തിയത്. നാലര കിലോമീറ്റര്‍ കായല്‍ ദൈര്‍ഘ്യം സാഹസിക ദൗത്യത്തിലൂടെ നീന്തികയറുമ്പോള്‍, നീന്തലില്‍ ലയയുടെ പേരില്‍ പുതിയൊരു റെക്കോര്‍ഡും കുറിക്കപ്പെട്ടു. നീന്തല്‍ താരവും പരിശീലകനുമായ അച്ഛന്‍ ബിജു തങ്കപ്പന്റെ നേതൃത്വത്തിലായിരുന്നു ഈ കൊച്ചു മിടുക്കി കായലിനു കുറുകെ നീന്തിയത്. വാരപ്പെട്ടി പഞ്ചായത്ത് കുളത്തിലും മൂവാറ്റുപുഴയാറിലും പിതാവിനൊപ്പം നീന്തിയാണ് പരിശീലനം നടത്തിയത്. എല്ലാ പിന്തുണയുമായി വാരപ്പെട്ടി പഞ്ചായത്ത് അംഗവും അധ്യാപികയുമായ സി ശ്രീകലയും രംഗത്തുണ്ടായിരുന്നു. ലയയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു വേമ്പനാട്ടു കായലിന്റെ തീരത്ത് പൂവണിഞ്ഞത്.
കോതമംഗലം സെന്റ് ആഗ്‌നസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്  ലയ. ലയയുടെ നീന്തല്‍ പ്രകടനം കാണാന്‍ സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ റിനി മരിയ, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ കരോളിന്‍, പിടിഎ പ്രസിഡന്റ് സോണി മാത്യു തുടങ്ങി സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ കായലോര ബീച്ചില്‍ എത്തിയിരുന്നു. സാഹസികമായ ശ്രമത്തിലൂടെ കായല്‍ നീന്തി കരയ്‌ക്കെത്തിയ ലയ ബി.നായരെ വലിയ ആഘോഷത്തോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. അച്ഛന്‍ ബിജു തങ്കപ്പന്‍ ലയയെ കരയിലേക്ക് കയറ്റിയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് ജനം വരവേറ്റത്.
തോമസ് ചാഴികാടന്‍ എംപി ,കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി എന്നിവര്‍ ചേര്‍ന്ന് ലയ ബി നായരെ സ്വീകരിച്ചു. പഞ്ചായത്തു മെമ്പറും അധ്യാപികയുമായ ലയയുടെ അമ്മ സി.ശ്രീകലയും കായലോരത്ത് മകളുടെ വിജയം ആഘോഷി്ക്കാന്‍ എത്തിയിരുന്നു. തവണക്കടവില്‍ അരൂര്‍ എംഎല്‍എ ദലീമ ജോജോയാണ് നീന്തല്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.