Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ അക്ഷര ജ്വാല വായനക്കളരി ഉദ്ഘാടനം ചെയ്തു
09/11/2022
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ അക്ഷര ജ്വാല-വായനക്കളരി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതി അക്ഷര ജ്വാല-വായനക്കളരിയുടെ ഉദ്ഘാടനവും പുസ്തകം നല്‍കലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ നിര്‍വഹിച്ചു. വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത് അധ്യക്ഷത വഹിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകളില്‍ ഇതുപോലൊരു പരിപാടിക്ക് തുടക്കം കുറിക്കുന്നത്. ആസൂത്രണ സമിതിയുടെ അപ്പലേറ്റ് കമ്മിറ്റിയുടെ പ്രത്യേക അംഗീകാരം വാങ്ങിയാണ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ആദ്യ ഘട്ടമായി വൈക്കത്തെ 15 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ വായന കളരി രൂപീകരിച്ച് എല്ലാ സ്‌കൂളിലും 15,000 രൂപയുടെ പുസ്തകങ്ങള്‍ വീതമാണ് വിതരണം ചെയുന്നത്. വായനക്കളരിയുടെ നേതൃത്വത്തില്‍ ക്ലാസ് മുറികളില്‍ കുട്ടികള്‍ പുസ്തകങ്ങള്‍ വായിക്കുകയും തുടര്‍ന്ന് കുട്ടികള്‍ക്കായി പ്രശ്‌നോത്തരിയും നിരൂപണവും സംഘടിപ്പിക്കുകയും അവര്‍ക്കെല്ലാം പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രീത രാമചന്ദ്രന്‍ അക്ഷര സന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, അംഗങ്ങളായ കെ.എസ് ഗോപിനാഥന്‍, വീണ അജി, എം.കെ ശീമോന്‍, ഒ.എം ഉദയപ്പന്‍, എസ് ബിജു, എം.കെ റാണിമോള്‍, സുജാത മധു, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ്, വാര്‍ഡ് മെമ്പര്‍ മിനി മനയ്ക്കപറമ്പില്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് എം.കെ ജയമോള്‍, ഹെഡ്മാസ്റ്റര്‍ എന്‍ മനോജ് എന്നിവര്‍ പ്രസംഗിച്ചു.