Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന്റെ തിരുനടയില്‍ പതിവു തെറ്റാതെ ഇക്കുറിയും വെള്ളാപ്പള്ളി നടേശന്‍ തുലാഭാരം നടത്തി
08/11/2022
അഷ്ടമിയുടെ മൂന്നാം ഉത്സവദിവസം വൈക്കം എസ്എന്‍ഡിപി യൂണിയന്‍ അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ക്ഷേത്രനടയില്‍ തുലാഭാരം നടത്തുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വൈക്കത്തപ്പന്റെ തിരുനടയില്‍ തുലാഭാരം നടത്തി. അഷ്ടമിയുടെ മൂന്നാം ഉത്സവം വൈക്കം എസ്എന്‍ഡിപി യൂണിയന്‍ അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച്ച രാവിലെ ക്ഷേത്രദര്‍ശനം നടത്തി തുലാഭാരം നടത്തിയത്. 19 വര്‍ഷമായി മുടങ്ങാതെ അഷ്ടമിയുടെ മൂന്നാം ഉത്സവ ദിവസം ക്ഷേത്ര ദര്‍ശനം നടത്തി തുലാഭാരം നടത്തുന്ന വഴിപാട് ഇക്കുറിയും നടന്നു. കോടിയുടുത്ത് കുറിതൊട്ട് രണ്ടാം മുണ്ടും ധരിച്ചാണ് വൈക്കത്തപ്പനെ സ്തുതിച്ച് ശര്‍ക്കര കൊണ്ടുള്ള തുലാഭാരത്തിന് ത്രാസ്സില്‍ ചമ്രം പടഞ്ഞിരുന്നത്. വൈക്കത്തപ്പന് പ്രത്യേക വഴിപാടുകളും നടത്തി. 19 വര്‍ഷമായി തുടരുന്ന ക്ഷേത്ര ദര്‍ശനവും തുലാഭാരവും 85-ാം വയസ്സിലും കൃത്യതയോടെ നടത്തി. ക്ഷേത്രനടയില്‍ എത്തിയ വെള്ളാപ്പള്ളി നടേശനെ ഡെപ്യൂട്ടി കമ്മീഷണര്‍ വി കൃഷ്ണകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. വ്യാഘ്രപാദത്തറയില്‍ കാണിക്ക അര്‍പ്പിച്ച് കൈക്കൂപ്പിയ ശേഷമാണ് തുലാഭാരം നടത്തിയത്. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, എസ് ജയന്‍ എന്നിവരും മറ്റു യൂണിയന്‍ ഭാരവാഹികളും വനിതായൂണിയന്‍ ഭാരവാഹികളും പങ്കെടുത്തു.