Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്രനഗരി ഉത്സവലഹരിയില്‍; വൈക്കത്തഷ്ടമിക്ക് കൊടിയേറി
06/11/2022
വൈക്കത്തഷ്ടമിയ്ക്ക് തന്ത്രിമുഖ്യന്‍ ഭദ്രകാളി മറ്റപ്പളളി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അഷ്ടമി ഉത്സവത്തിന് കൊടിയേറി. തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട്ട് മാധവന്‍ നമ്പൂതിരി, മേക്കാട്ട് ചെറിയ നാരായണന്‍ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി കൊടിയേറ്റി. സ്വര്‍ണക്കുടകളും, മുത്തുകുടകളും ഗജവീരന്‍മാരും വാദ്യമേളങ്ങളും അകമ്പടിയേകിയ ചടങ്ങില്‍ മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, ശ്രീരാഗ് നമ്പൂതിരി, ജിഷ്ണു നമ്പൂതിരി, കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവന്‍ നമ്പൂ തിരി, മേലേടം രാമന്‍ നമ്പൂതിരി, ആഴാട് നാരായണന്‍ നമ്പൂതിരി, കൊളായി അര്‍ജുന്‍, കൊളായി നാരായണന്‍ നമ്പുതിരി എന്നിവര്‍ സഹകാര്‍മികരായി. ഞായറാഴ്ച പുലര്‍ച്ചെ 3.30ന് നടതുറന്ന് വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് കൊടിയേറ്റ് നടത്തിയത്.
കൊടി ഉയര്‍ന്ന നിമിഷത്തില്‍ വേദമന്ത്രജപവും പഞ്ചാക്ഷരി മന്ത്രവും വാദ്യമേളങ്ങളും ക്ഷേത്രത്തിലെത്തിയ ആയിരക്കണക്കിന് ഭക്തരെ ആനന്ദ നിര്‍വൃതിയിലാക്കി. കൊടിമര ചുവട്ടിലെ കെടാവിളക്കില്‍ ദേവസ്വം കമ്മീഷണര്‍ ബി.പ്രകാശും കലാമണ്ഡപത്തില്‍ നടന്‍ ജയസൂര്യയും ദീപം തെളിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍ രചിച്ച എന്റെ കൈലാസനാഥന്‍ എന്ന ഗാനത്തിന്റെ സമര്‍പ്പണവും ജയസൂര്യ നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, മെമ്പര്‍ പി.എം തങ്കപ്പന്‍ ഡെപ്യൂട്ടി  ദേവസ്വം കമ്മീഷണര്‍ വി.കൃഷ്ണകുമാര്‍ ചീഫ് എഞ്ചിനീനിയര്‍ ആര്‍.അജിത് കുമാര്‍, അസി. കമ്മീഷണര്‍ മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.അനില്‍കുമാര്‍, ഉപദേശക സമിതി ഭാരവാഹിളായ ഷാജി വല്ലൂത്തറ ബി.ഐ പ്രദീപ് കുമാര്‍, പി.പി സന്തോഷ്, എ.ബാബു, ഇ.കെ ശിവന്‍, ബി.ഐ പ്രദീപ് കുമാര്‍, അജി മാധവന്‍, എസ്.സുരേഷ്, എസ്.പി സാബു എന്നിവര്‍ പങ്കെടുത്തു.
കൊടിയേറ്റിനു ശേഷം വൈക്കത്തപ്പന്റെ ആദ്യ ശ്രീബലി എഴുന്നള്ളിപ്പില്‍ ഗജവീരന്‍ തിരുനക്കര ശിവന്‍ വൈക്കത്തപ്പന്റെ തിടമ്പേറ്റി. ആദിനാട് സുധീഷ്, പന്മന ശരവണന്‍ എന്നീ ഗജവീരന്‍മാര്‍ എഴുന്നള്ളിപ്പിന് അകമ്പടിയായി. ഉത്സവത്തിന് കൊടിയേറിയതോടെ ഇനി രാത്രിപകല്‍ വ്യത്യാസമില്ലാതെ വിശ്വാസികള്‍ ഒന്നടങ്കം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും.