Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: സമൂഹ സന്ധ്യവേല ആരംഭിച്ചു; ഒറ്റപ്പണം സമര്‍പ്പണം ഭക്തിനിര്‍ഭരമായി
31/10/2022
വൈക്കത്തഷ്ടമിക്ക് മുന്നോടിയായി മഹാദേവ ക്ഷേത്രത്തില്‍ നടന്ന വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയുടെ ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായ സമൂഹ സന്ധ്യവേല ആരംഭിച്ചു. വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയാണ് ആദ്യം നടന്നത്. ക്ഷേത്രത്തിലെ വിശേഷാല്‍ വഴിപാടുകള്‍, പ്രാതല്‍, പുഷ്പാലങ്കാരം, ദീപാലങ്കാരം ശ്രീബലി എഴുന്നള്ളിപ്പ് എന്നിവ നടന്നു. രാവിലെയും വൈകിട്ടും നടന്ന എഴുന്നള്ളിപ്പിന് വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നളളിച്ചു. ഗജവീരന്‍ മുണ്ടക്കല്‍ ശിവനന്ദന്‍ തിടമ്പേറ്റി. വൈക്കം ഹരിഹരയ്യരുടെ നാദസ്വരവും ക്ഷേത്ര കലാപീഠത്തിന്റെ പഞ്ചവാദ്യവും അകമ്പടിയായി.
വൈക്കം സമൂഹത്തിന്റെ ഒറ്റപ്പണം സമര്‍പ്പണവും ആചാരപ്രകാരം നടന്നു. ബലിക്കല്‍ പുരയില്‍ വെള്ള പട്ടു വിരിച്ചു സമൂഹം സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി ഒറ്റപണ സമര്‍പ്പണത്തിന് ക്ഷണിച്ചു. സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയില്‍ വൈക്കത്ത് പെരുംതൃക്കോവിലപ്പന്‍, ഉദയനാപുരത്തപ്പന്‍, തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലം, തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് ഇല്ലം, മേല്‍ശാന്തിമാര്‍, കീഴ്ശാന്തിമാര്‍, പടിഞ്ഞാറേടത്ത് ഇല്ലത്ത് മൂസത്, കിഴക്കേടത്ത് മൂസത്, പട്ടോലക്കാര്‍, കിഴിക്കാര്‍ എന്നിവരും ഭക്തരും പേരു വിളിക്കുന്ന മുറയ്ക്ക് എത്തി പണം സമര്‍പ്പിച്ചു. സമര്‍പ്പിച്ച പണം കിഴിയാക്കി തലച്ചുമടായി എടുത്ത് വേദമന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്തു കിഴിപ്പണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറി പിന്നീട് ആ കിഴിപ്പണത്തില്‍ നിന്നു ഒരു പണം എടുത്ത് കിഴിയായി സൂക്ഷിച്ചു. ഇത് അടുത്ത വര്‍ഷത്തെ സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകള്‍ക്കാണ് ഉപയോഗിക്കുക. ചടങ്ങില്‍ ഭാരവാഹികളായ പി ബാലചന്ദ്രന്‍, ആര്‍ ഗോപാലക്യഷ്ണയ്യര്‍, സുബ്രഹ്മണ്യന്‍ അംബികാവിലാസ്, ആര്‍ രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. നവംബര്‍ ഒന്നിന് തെലുങ്ക് സമൂഹത്തിന്റെ സന്ധ്യവേല നടക്കും. വിശേഷാല്‍ ചടങ്ങുകളും ഉണ്ടാകും.