Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളില്‍ കൊടിയേറ്റിനുള്ള കൊടിക്കൂറ സമര്‍പ്പിച്ചു
31/10/2022
വൈക്കത്തഷ്ടമിയുടെ കൊടിയേറ്റിനുള്ള കൊടിക്കൂറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.

വൈക്കം: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനും കൊടിയേറ്റിനുള്ള കൊടിക്കൂറ സമര്‍പ്പിച്ചു. ഉദയനാപുരം ക്ഷേത്രത്തിലെ കൊടിമര ചുവട്ടിലാണ് ആദ്യം സമര്‍പ്പിച്ചത്. പടിഞ്ഞാറേടത്ത് ഇല്ലത്ത് ഹരി  കൊടിക്കൂറ ഏറ്റുവാങ്ങിയ ശേഷം സബ് ഗ്രൂപ്പ് ഓഫീസര്‍ സി.ടി അനിലിന് കൈമാറി.
വൈക്കം ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടില്‍ സമര്‍പ്പിച്ച  കൊടിക്കൂറ കിഴക്കേടത്ത് ഇല്ലത്ത് വിഷ്ണു മൂസത് ഏറ്റുവാങ്ങി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.അനില്‍കുമാറിന് കൈമാറി. വൈക്കപ്രയാര്‍ ആലുങ്കല്‍ എക്‌സലന്റ് പ്രതാപചന്ദ്രന്‍, ജ്യോതി ചന്ദ്രന്‍ എന്നിവരാണ് ഇരു ക്ഷേത്രങ്ങളിലും കൊടിക്കൂറ വഴിപാടായി സമര്‍പ്പിച്ചത്. കൊടിക്കൂറ കിഴക്കേ ഗോപുരനടയില്‍ നിന്നും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ച്  ശേഷമാണ് ക്ഷേത്ര കൊടിമരച്ചുവട്ടില്‍ സമര്‍പ്പിച്ചത്. അഞ്ചര മീറ്റര്‍ നീളത്തില്‍ നവഗ്രഹ സങ്കല്‍പത്തില്‍ ഒന്‍പത് വര്‍ണങ്ങളിലായി നിര്‍മിക്കുന്ന കൊടിക്കൂറയിലെ ഏഴു നിറം മൂന്നുതവണ ആവര്‍ത്തിച്ച് ഇരുപത്തിയൊന്ന് കോളമായാണ് കൊടിക്കൂറയുടെ നിര്‍മാണം.
വൈക്കം ക്ഷേത്രത്തിലെ കൊടിക്കൂറയില്‍ നന്ദികേശ്വന്‍, തൃക്കണ്ണ്, വലിയ കുമിള, കാളാഞ്ചി, ഓട്ടുമണി, മാന്‍ എന്നിവയും ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കൂറയില്‍ ചന്ദ്രക്കല, വെള്ളി കുമിള, തമിഴില്‍ ഓം എന്നക്ഷരം, മയില്‍ വാഹനം കാളാഞ്ചി, ഓട്ടുമണി എന്നിവയുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ശബരിമല ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങളില്‍ കൊടിക്കൂറ നിര്‍മിച്ച ചെങ്ങന്നൂര്‍ മുണ്ടങ്കാവില്‍ പാണംപറവില്‍ സാജനാണ് കൊടിക്കൂറ ഒരുക്കിയത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നവംബര്‍ ആറിനും ഉദയനാപുരം ക്ഷേത്രത്തില്‍ 29നുമാണ് കൊടിയേറ്റ്.