Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ആലോചനാ യോഗം ചേര്‍ന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
21/10/2022
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ചേര്‍ന്ന അഷ്ടമിയുടെ ആലോചനാ യോഗത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ പ്രസംഗിക്കുന്നു.

വൈക്കം. അഷ്ടമി ഉത്സവം പൂര്‍വാധികം ഭംഗിയായി നടത്താന്‍ വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. സി.കെ ആശ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  മന്ത്രി വി.എന്‍ വാസവനും വിവിധ രാഷ്ട്രീ, സംഘടനാ പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. അഷ്ടമി ഉത്സവം പ്രൗഢിയോടെ നടത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഉത്സവ സമയത്ത് വൈക്കം താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഡ്യൂട്ടി ഡോക്ടറുടെയും സേവനം  ഉണ്ടാകണം. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. അഷ്ടമി കാലത്ത് ഫയര്‍ സര്‍വീസിന്റെ ആംബുലന്‍സ് സൗകര്യം ഒരുക്കണം. ഭക്ഷണം, വെള്ളം എന്നിവയില്‍ കൃത്യമായ പരിശോധന നടത്തണം. എക്‌സൈസിന്റ മൊബൈല്‍ സ്‌ക്വാഡ് ഉണ്ടാകണം. എത്ര തിരക്ക് അനുഭവപ്പെട്ടാലും ചിട്ടയായി ആചാരപ്രകാരം ഭക്തജനങ്ങള്‍ക്ക് ക്ഷേത്രദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു
അഷ്ടമിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുന്‍പത്തേക്കാള്‍ ഭംഗിയായി ഉത്സവം നടത്താനുള്ള ഒരുക്കത്തിലാണ് ദേവസ്വമെന്ന് ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍ പറഞ്ഞു. ക്ഷേത്രത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ജീവനക്കാരുടെ യോഗം ചേര്‍ന്ന് ആവശ്യമായ നടപടി സ്വീകരിച്ചതായി ദേവസ്വം അസി. കമ്മീഷണര്‍ മുരാരി ബാബു പറഞ്ഞു. അഷ്ടമി കാലത്ത് വൈക്കത്ത് 770 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കും. കൂടാതെ ബോട്ടുജെട്ടി, ദളവാക്കുളം, അന്ധകാരതോട് എന്നിവിടങ്ങളില്‍ വാച്ച് ടവര്‍ സ്ഥാപിക്കുമെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.ജെ തോമസ് അറിയിച്ചു. നഗരത്തിലെ 44 സി.സി ടി.വി ക്യാമറകളും ഉപയോഗയോഗ്യമാക്കും. നഗരത്തിലെ ശുചീകരണം കാര്യമാക്കും. ഫയര്‍ ഫോഴ്‌സിന്റെ സേവനവും അഷ്ടമിയുടെ അവസാന ദിവസങ്ങളില്‍ ജീവന്‍ രക്ഷകന്‍ എന്ന ബോട്ട് സര്‍വീസും ഉണ്ടായിരിക്കും.
എക്സൈസിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ക്ഷേത്രത്തില്‍ ഉണ്ടാകും. ക്ഷേത്രത്തിന് സമീപമുള്ള റോഡുകളുടെ അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വൈദ്യുതി, കുടിവെള്ളം എന്നിവ മുടങ്ങാതെ ലഭിക്കുമെന്ന് ഉറപ്പാക്കും. സ്പെഷ്യല്‍ ബസ് സര്‍വീസ് നടത്തുന്നതിന് കോട്ടയം  ആര്‍.ടി.ഒ ഓഫീസില്‍ നിന്നും അനുവാദം വാങ്ങണമെന്ന് ജോ. ആര്‍.ടി.ഒ ഷാ നവാസ് കരീം യോഗത്തെ അറിയിച്ചു.
അഷ്ടമിയുടെ അവസാന മൂന്നു ദിവസം വൈക്കം-തവണക്കടവ് ഫെറിയില്‍ കൂടുതലായി ബോട്ട് സര്‍വീസ് നടത്തും. ഇതിന് അധികമായി രണ്ടു ബോട്ടുകള്‍ ഉപയോഗിക്കും. അളവ്, തൂക്കം എന്നിവ കൃത്യമായി പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, തഹസില്‍ദാര്‍ പി.എന്‍ വിജയന്‍, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ വി.കൃഷ്ണകുമാര്‍, ഉപദേശക സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.