Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പേവിഷ ബാധയ്‌ക്കെതിരെ ടി.വി പുരത്ത് വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കി
19/10/2022
ടി.വി പുരം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ തെരുവുനായയെ പിടികൂടി വാക്‌സിനേഷന്‍ നല്‍കുന്നു.

വൈക്കം: ടി.വി പുരം പഞ്ചായത്തില്‍ പേവിഷ ബാധയ്‌ക്കെതിരെ നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ടി.വി പുരത്ത് ഒരാഴ്ച മുമ്പ്‌ അഞ്ച് പേര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കറ്റത്. പഞ്ചായത്തിലെ 12-ാം വാര്‍ഡ് പറക്കാട്ടുകുളങ്ങരയില്‍ താമസിക്കുന്ന മാന്തോളിത്തറ ബിന്ദു, മരത്താപ്പള്ളിയില്‍ ആശ സുനില്‍, തെക്കേമരത്താപ്പള്ളിയില്‍ വിനീത ഷിജി, കൊടിയംകുന്നത്ത് മത്തായി, സുനില്‍ മരത്താപ്പള്ളിയില്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമിച്ച നായയെ ആദ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലയെങ്കിലും തുടര്‍ന്ന് നടന്ന തിരച്ചിലില്‍ നായയെ കണ്ടെത്തി. സംഭവത്തിനുശേഷം പ്രദേശത്തെ നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന നടപടികള്‍ പഞ്ചായത്ത് ഊര്‍ജിതമാക്കി. പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തില്‍ ഇതിനോടകം തന്നെ 26ഓളം നായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ ഏഴ് നായ്ക്കളെ പിടികൂടിയത് ആക്രമണം നടന്ന പന്ത്രണ്ടാം വാര്‍ഡ് പരിസരത്തു നിന്നാണ്. വളര്‍ത്തു നായ്ക്കള്‍ക്ക് മൃഗാശുപത്രി വഴി വാക്‌സിനേഷന്‍ നല്‍കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. ഒരു നായയ്ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് 375 രൂപയാണ് ചെലവ്. പഞ്ചായത്തിലെ മുഴുവന്‍ നായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനാവശ്യമായ തുക പഞ്ചായത്ത് അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി, വൈസ് പ്രസിഡന്റ് ടി.എ തങ്കച്ചന്‍, പഞ്ചായത്ത് അംഗങ്ങളായ വി.കെ ശ്രീകുമാര്‍, എ.കെ അഖില്‍, കെ.സി ജോസഫ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥ രശ്മി എന്നിവരാണ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.