Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ കുട്ടികളുടെ പാര്‍ക്ക് വൃത്തിയാക്കി കൗണ്‍സിലര്‍മാര്‍
06/10/2022
കഴിഞ്ഞ മൂന്നു വര്‍ഷമായി അടഞ്ഞുകിടക്കുന്ന വൈക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ പാര്‍ക്കിലെ കളി ഉപകരണങ്ങള്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരിക്കുന്നു.

വൈക്കം: അടഞ്ഞുകിടക്കുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ പാര്‍ക്ക് വൃത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കി കൗണ്‍സിലര്‍മാര്‍. 2015ല്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ അധികാരത്തില്‍ വരുമ്പോള്‍ നഗരസഭ പാര്‍ക്കിലെ കളി ഉപകരണങ്ങള്‍ നശിച്ച് കുട്ടികള്‍ക്ക് ഉപയോഗപ്രദമല്ലാത്തവിധം പാര്‍ക്ക് അടഞ്ഞുകിടക്കുകയായിരുന്നു. എന്‍ അനില്‍ ബിശ്വാസ് ചെയര്‍മാന്‍ ആയിരിക്കെ 34 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള റൈഡറുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് പാര്‍ക്ക് സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ് ഫോര്‍ഡിനെക്കൊണ്ട് നവീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. കോവിഡിന്റെ വ്യാപനത്തെ തുടര്‍ന്ന് 2020 മുതല്‍ പാര്‍ക്ക് അടഞ്ഞുകിടക്കുകയാണ്. എല്‍ഡിഎഫ് കൗണ്‍സിലിന്റെ കാലം കഴിയുന്നതുവരെ റൈഡറുകളും പാര്‍ക്കും ശുചീകരിച്ചു പരിപാലിച്ചിരുന്നു. തുടര്‍ന്നു യുഡിഎഫ് കൗണ്‍സില്‍ അധികാരത്തില്‍ എത്തിയതുമുതല്‍ പരിപാലനത്തില്‍ കുറ്റകരമായ വീഴ്ച വരുത്തിയിരുന്നു. യുഡിഎഫ് ഭരണാധികാരികള്‍ ഇപ്പോള്‍ പറയുന്നത് പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് എട്ടുലക്ഷം രൂപയുടെ അറ്റകുറ്റ പണികള്‍ വേണ്ടിവരുമെന്നാണ്. എന്നാല്‍ ഏതാനും ബെഞ്ചുകളുടെ അറ്റകുറ്റ പണിയും റൈഡറുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കരിമ്പനും പൂപ്പലും നീക്കം ചെയ്യുന്നത് മാത്രമാണ് പാര്‍ക്കില്‍ ആവശ്യമായ പ്രവൃത്തികള്‍. ഗാന്ധി ജയന്തിയോടനുബന്ധിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാലു ദിവസം നീണ്ട ശുചീകരണ പ്രവര്‍ത്തനത്തിലൂടെ ടോയ്‌ലറ്റ്, നടപ്പാതകള്‍, സിമന്റ് ബെഞ്ചുകള്‍, റൈഡറുകള്‍ എന്നിവ സോപ്പും പവര്‍ വാഷും ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയിരുന്നു. കൂടാതെ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യുതി വിളക്കുകള്‍ അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിച്ചിപ്പിച്ച് തെളിയിക്കുകയും ചെയ്തു. ഇതിനായി ആകെ ചെലവഴിച്ചത് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ ഓണറേറിയത്തില്‍ നിന്നും മിച്ചം പിടിച്ച 30,000 രൂപ മാത്രമാണ്. തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് പാര്‍ക്കില്‍ വളര്‍ന്നുനിന്നിരുന്ന പുല്ല് നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പാര്‍ക്ക് പൂര്‍ണമായും പ്രവര്‍ത്തനസജ്ജവും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാവുന്നതുമാണ്. എന്നാല്‍ നഗരവികസനത്തിന് വിനിയോഗിക്കേണ്ട എട്ട് ലക്ഷം രൂപ പാര്‍ക്ക് നവീകരണത്തിന്റെ പേരില്‍ തട്ടിയെടുക്കാനാണ് യുഡിഎഫിലെ തല്‍പരകക്ഷികളായ ചില കൗണ്‍സിലര്‍മാര്‍ ശ്രമിച്ചത്. നഗരസഭ ഭരണാധികാരികള്‍ കെടുകാര്യസ്ഥത അവസാനിപ്പിച്ച്, നഗരത്തിലെ സാധാരണക്കാരായ കുട്ടികളുടെ ഏക വിനോദ കേന്ദ്രമായ പാര്‍ക്ക് എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, അശോകന്‍ വെള്ളവേലി, കവിത രാജേഷ്, ലേഖ ശ്രീകുമാര്‍, എബ്രഹാം പഴയകടവന്‍, എ.സി മണിയമ്മ എന്നിവര്‍ നേതൃത്വം നല്‍കി.