Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; രണ്ടുപേര്‍ പിടിയില്‍
05/10/2022
വൈക്കത്തെ ആരാധനാലയങ്ങളിലൊന്നില്‍ നടന്ന മോഷണത്തിനിടെ കാണിക്ക വഞ്ചി തകര്‍ത്ത നിലയില്‍ (ഫയല്‍ ചിത്രം). ഇന്‍സൈറ്റില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസില്‍ പിടിയിലായ അന്‍വര്‍ ഷാ, സരിത എന്നിവര്‍.

വൈക്കം: വെച്ചൂര്‍, തലയാഴം, വൈക്കം ഭാഗങ്ങളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് പിടികൂടി. സെപ്റ്റംബര്‍ 24ന് പുലര്‍ച്ചെ വെച്ചൂരിലെ മൂന്നു ക്ഷേത്രങ്ങളിലെയും ഒരു പള്ളി കപ്പേളയിലെയും കാണിക്ക വഞ്ചികള്‍ പൊളിച്ച് പണം അപഹരിച്ച കേസിലാണ് കായംകുളം സ്വദേശികളായ അന്‍വര്‍ ഷാ (23), സരിത (22) എന്നിവരെ പോലീസ് കോട്ടയത്തുനിന്ന് പിടികൂടിയത്. കായംകുളം, ഇടുക്കി എന്നിവടങ്ങളില്‍ നടന്ന അടിപിടി, മോഷണ കേസുകളില്‍ ഇവര്‍ പ്രതികളാണ്. ആരാധനാലയങ്ങളിലെ സി.സി ടി.വിയില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങളും ബൈക്കിന്റ നമ്പറുമാണ് പ്രതികളെ പിടികൂടാന്‍ പോലിസിനെ സഹായിച്ചത്. ഇവരില്‍ നിന്ന് പണവും കണ്ടെടുത്തിട്ടുണ്ട്. വന്‍മോഷണ സംഘത്തിന്റ ഭാഗമാണെന്ന് സംശയിക്കപ്പെടുന്ന ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മോഷണം നടന്ന തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം, അച്ചിനകം പിഴയില്‍ ശ്രീദുര്‍ഗാക്ഷേത്രം, ബണ്ട് റോഡിലെ സെന്റ് ജോസഫ് കപ്പേള എന്നിവിടങ്ങളില്‍ അന്‍വര്‍ ഷായെ കൊണ്ടുവന്ന് പോലീസ് തെളിവെടുത്തു.
വൈക്കത്ത് ഏതാനും മാസങ്ങള്‍ക്കിടയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പത്തോളം മോഷണങ്ങളാണ് നടന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ അലങ്കാരഗോപുരം, വലിയ കവലയിലെ അലങ്കാര ഗോപുരത്തിനു സമീപത്തെ ഭണ്ഡാരം, കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രം, നഗരത്തിലെ ജുവല്ലറി, കച്ചേരികവലയിലെ വനദുര്‍ഗാ ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.