Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: പുള്ളി സന്ധ്യവേല ആരംഭിച്ചു
30/09/2022
വൈക്കത്തഷ്ടമിക്ക് മുന്നോടിയായി മഹാദേവ ക്ഷേത്രത്തില്‍ നടന്ന പുള്ളി സന്ധ്യവേല എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമി ഉത്സവത്തിന് മുന്നോടിയായി മഹാദേവ ക്ഷേത്രത്തില്‍ നടത്തുന്ന പുള്ളി സന്ധ്യവേല ആരംഭിച്ചു. തുടര്‍ന്നുള്ള പുള്ളി സന്ധ്യവേലകള്‍ ഒക്‌ടോബര്‍ രണ്ട്, നാല്, ആറ് തീയതികളില്‍ നടക്കും. രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തില്‍ വാരമിരിക്കല്‍, അഭിഷേകങ്ങള്‍, പ്രാതല്‍, വിളക്ക് എന്നിവയാണ് സന്ധ്യവേലയുടെ ചടങ്ങുകള്‍. രാവിലെയും വൈകിട്ടും നടന്ന എഴുന്നള്ളിപ്പിന് ഗജവീരന്‍ ഓമല്ലൂര്‍ മണികണ്ഠന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. വിവിധ വാദ്യ മേളങ്ങളോടെ അകമ്പടിയോടെ  നാലമ്പലത്തിന് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി  എഴുന്നള്ളിപ്പ് സമാപിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ ചേര്‍ത്തല, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങള്‍ യുദ്ധം ചെയ്തു പിടിച്ചടക്കിയപ്പോള്‍ ആ യുദ്ധത്തില്‍ മരണമടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ കൊണ്ട് വര്‍ഷം തോറും ഒന്നിടവിട്ട് നാലു ദിവസങ്ങളിലായി നടത്തിയിരുന്നതാണ് പുള്ളി സന്ധ്യ വേല. ഇപ്പോള്‍ ദേവസ്വത്തിന്റെ അടിയന്തരമായി നടന്നു വരുന്നു. മുഖ സന്ധ്യവേലയുടെ കോപ്പുത്തൂക്കല്‍ ഒക്‌ടോബര്‍ ഒന്‍പതിനും മുഖ സന്ധ്യവേല 10 മുതല്‍ 13 വരെയും നടക്കും. സമൂഹങ്ങള്‍ നടത്തുന്ന സന്ധ്യവേല ഒക്‌ടോബര്‍ 30ന് വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയോടെ ആരംഭിക്കും. കൊടിയേറ്ററിയിപ്പ് , അഷ്ടമിയുടെ കോപ്പുതൂക്കല്‍, എന്‍എസ്എസ് കരയോഗങ്ങളുടെ കുലവാഴ പുറപ്പാട് എന്നിവ അഞ്ചിന് നടക്കും. ആറിന് രാവിലെ 7.10നും 9.10നും മധ്യേ അഷ്ടമിക്ക് കൊടിയേറും. 17നാണ് വൈക്കത്തഷ്ടമി. 18ന് ആറാട്ടോടെ ഉത്സവം സമാപിക്കും.