Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: പുള്ളി സന്ധ്യവേല വെള്ളിയാഴ്ച തുടങ്ങും; കോപ്പുതൂക്കല്‍ ഭക്തിസാന്ദ്രമായി
29/09/2022
വൈക്കത്തഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേലയുടെ കോപ്പുതൂക്കല്‍ ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ വി കൃഷ്ണകുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേലയുടെ കോപ്പുതൂക്കല്‍ ഭക്തിസാന്ദ്രമായി. ക്ഷേത്ര കലവറയുടെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ ഭാഗത്താണ് ചടങ്ങുകള്‍ നടന്നത്. ദേവസ്വം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി കൃഷ്ണകുമാര്‍ സന്ധ്യവേലയുടെ ചടങ്ങുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ അളന്നുതൂക്കി കാര്യക്കാരനായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി അനില്‍കുമാറിനെ ഏല്‍പ്പിച്ചു. പ്രതീകാത്മകമായി മംഗളവസ്തുക്കളായ മഞ്ഞളും ചന്ദനവുമാണ് കോപ്പു തൂക്കലിന്  ഉപയോഗിച്ചത്. വൈക്കത്തഷ്ടമിയ്ക്കും സന്ധ്യവേലക്കും മുന്നോടിയായായി ആചാര തനിമയോടെ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങാണ് കോപ്പുതൂക്കല്‍.
ചടങ്ങില്‍ അസി. കമ്മീഷണര്‍ മുരാരി ബാബു, ഉപദേശക സമിതി ഭാരവാഹികളായ ഷാജി വല്ലൂത്തറ, ബി.ഐ പ്രദീപ് കുമാര്‍, അജി മാധവന്‍, എ ബാബു, ഇ.കെ ശിവന്‍  എന്നിവര്‍ പങ്കെടുത്തു. നിറദീപം തെളിയിച്ച് വിഘ്നേശ്വരനെ സങ്കല്‍പ്പിച്ച് തുശനിലയില്‍ പൂവന്‍പഴം സമര്‍പ്പിച്ച ശേഷമാണ് കോപ്പുതുക്കല്‍ നടത്തിയത്. പുള്ളി സന്ധ്യവേല സെപ്റ്റംബര്‍ 30നും ഒക്ടോബര്‍ രണ്ട്, നാല്, ആറ് തീയതികളിലുമാണ് നടക്കുക. രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തില്‍ വാരമിരിക്കല്‍, അഭിഷേകങ്ങള്‍, പ്രാതല്‍, വിളക്ക് എന്നിവയാണ് സന്ധ്യവേലയുടെ ചടങ്ങുകള്‍. രാവിലെയും വൈകിട്ടും നടക്കുന്ന എഴുന്നള്ളിപ്പിന്  ഗജവീരന്‍ ഓമല്ലൂര്‍ മണികണ്ഠന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റും. വിവിധ വാദ്യമേളങ്ങളോടെ നാലമ്പലത്തിന് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നള്ളിപ്പ് സമാപിക്കും.
മുഖ സന്ധ്യവേലയുടെ കോപ്പു തൂക്കല്‍ ഒക്ടോബര്‍ ഒന്‍പതിനും, മുഖ സന്ധ്യവേല 10 മുതല്‍ 13 വരെയുമാണ് നടക്കുക. അഷ്ടമിയുടെ കോപ്പു തൂക്കലും കൊടിയേറ്റ് അറിയിപ്പും നവംബര്‍ അഞ്ചിനാണ്. ആറിന് രാവിലെ 7.10നും 9.10നും മധ്യേ അഷ്ടമിക്ക് കൊടിയേറും. 17നാണ് വൈക്കത്തഷ്ടമി. 18ന് ആറാട്ടോടെ ഉത്സവം സമാപിക്കും.