Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പീതവര്‍ണമണിഞ്ഞ് ക്ഷേത്രനഗരി; ചതയദിന ഘോഷയാത്ര വര്‍ണാഭമായി
10/09/2022
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ 54 ശാഖാ യോഗങ്ങള്‍ പങ്കെടുത്ത വര്‍ണാഭമായ ചതയദിന ഘോഷയാത്ര സമ്മേളന സ്ഥലമായ ആശ്രമം സ്‌കൂളിലേക്ക് പുറപ്പെടുന്നു.

വൈക്കം: പീതവര്‍ണങ്ങള്‍ തോരണം ചാര്‍ത്തിയ വഴിത്താരയില്‍ വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ചതയദിന ഘോഷയാത്ര ഭക്തിനിര്‍ഭരവും വര്‍ണാഭവുമായി. നിശ്ചല ദൃശ്യങ്ങള്‍, ടാബ്ലോകള്‍, വര്‍ണക്കാഴ്ച്ചകള്‍, നാടന്‍കലാ പ്രകടനങ്ങള്‍, വാദ്യമേളങ്ങള്‍, പഞ്ചവാദ്യം, തകില്‍മേളം, ചെണ്ടമേളം, തെയ്യം, തിറ, കഥകളി രൂപങ്ങള്‍, മയിലാട്ടം, നിലക്കാവടികള്‍, ബാന്റ് മേളം, മുത്തുക്കുടകള്‍, പീതവര്‍ണ കൊടികള്‍ എന്നിവയെല്ലാം ഘോഷയാത്രയെ വര്‍ണാഭമാക്കി. എസ്.എന്‍.ഡി.പി യൂണിയന്‍ ആസ്ഥാനത്തുനിന്നും ആരംഭിച്ച ഘോഷയാത്ര ആശ്രമം സ്‌ക്കൂളില്‍ സമാപിച്ചിട്ടും പങ്കെടുത്തവര്‍ ഏറെ കാത്തുനിന്നാണ് ഇവിടെ എത്തിച്ചേര്‍ന്നത്. പോലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സംവിധാനങ്ങളാണ് ഘോഷയാത്രക്ക് ഒരുക്കിയിരുന്നത്. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന്റെയും സെക്രട്ടറി എം.പി സെന്നിന്റെയും നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഇതിനായി നടത്തിയത്. യൂണിയനില്‍പ്പെട്ട 54 ശാഖകളില്‍ നിന്നായി ആയിരക്കണക്കിന് ശ്രീനാരായണീയര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. ഗുരുദേവന്റെ ഛായചിത്രം റിക്ഷവണ്ടിയില്‍ അലങ്കരിച്ച് വച്ച് അതിനു പിന്നിലാണ് ഘോഷയാത്ര അണിനിരന്നത്. റോഡരുകില്‍ മതില്‍ കെട്ടിനിന്ന പുരുഷാരത്തിന് ഘോഷയാത്രയുടെ നിറഭംഗി മനംനിറഞ്ഞ കാഴ്ചയായി. കച്ചേരിക്കവല, പടിഞ്ഞാറെനട, വടക്കേനട, വലിയകവല, കൊച്ചുകവല, പ്രൈവറ്റ് സ്റ്റാന്‍ഡ്, ബോട്ടുജെട്ടി വഴി ഘോഷയാത്ര സമ്മേളന സ്ഥലമായ ആശ്രമം സ്‌ക്കൂളിലേക്ക് നീങ്ങി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ്  കെ.വി പ്രസന്നന്‍, സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ഭാരവാഹികളായ രാജേഷ് പി മോഹന്‍, ബിജു കൂട്ടുങ്കല്‍, ബിജു തുരുത്തുമ്മ, മധു ചെമ്മനത്തുകര, രമേഷ് പി.ദാസ്, റ്റി.എസ് സെന്‍ സുഗുണന്‍, എം.എസ് രാധാകൃഷ്ണന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.വി വിവേക്, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു എന്നിവര്‍ നേതൃത്വം നല്‍കി.