Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ കൃഷി സമ്പ്രദായത്തിൽ കൊടൂപ്പാടത്തെ പൂക്കൃഷിക്ക് നൂറുമേനി
04/09/2022
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കുലശേഖരമംഗലം കൊടൂപ്പാടത്ത് സുന്ദരന്‍ നളന്ദ നടത്തിയ പൂക്കൃഷിയുടെ വിളവെടുപ്പ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലില ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കൊടൂപാടത്തിന്റെ മണ്ണില്‍ ഏത് കൃഷിയും വിളയും എന്നതിന് തെളിവാണ് സുന്ദരന്‍ നളന്ദ നടത്തിയ പൂക്കൃഷിയുടെ വിജയം. പച്ചക്കറി കൃഷിയുടെ വിളവെടുപ്പില്‍ എന്നും വിജയം കൊയ്ത ചരിത്രമുള്ള മണ്ണാണ് മറവന്‍തുരുത്ത് പഞ്ചായത്തിലെ കൊടൂപ്പാടം. പല സ്ഥലത്തും പൂക്കൃഷി നടത്തി അനുഭവമുള്ള കൃഷി വകുപ്പിന് സുന്ദരന്‍ നളന്ദ നടത്തിയ പൂക്കൃഷിയുടെ സമ്പ്രദായം വേറിട്ടൊരനുഭവമായി. വാഴയും കപ്പയും പയറും കൃഷി നടത്തുന്ന കൃഷിയിടത്തില്‍ കിട്ടിയ ചെറിയ സ്ഥലത്ത് വരമ്പുകീറി നടത്തിയ പൂക്കൃഷിയുടെ വിളവ് ആരെയും അത്ഭുതപ്പെടുത്തും. മറ്റു കൃഷികള്‍ക്ക് കൊടുത്ത പരിചരണം പോലും പൂക്കൃഷിക്ക് വേണ്ടിവന്നില്ല. കൊടൂപ്പാടത്തിന്റെ വളക്കൂറുള്ള മണ്ണില്‍ തഴച്ചുവളര്‍ന്ന ബന്തികള്‍ കായും പൂവും കൊണ്ടു നിറഞ്ഞു .ഒരു ചെടിയില്‍ മാത്രം അറുപതോളം പൂക്കള്‍. 
ഒരു കിലോയ്ക്ക് ഇരുപതോ മൂപ്പതോ പൂക്കള്‍ മതി. പൊതു വിപണിയില്‍ ഒരു കിലോ പൂവിന് 200 രൂപയാണ് വില. എന്നാല്‍ സുന്ദരന്‍ നളന്ദ വില്‍ക്കുന്നത് 150 രൂപ നിരക്കില്‍. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് സുന്ദരന്‍ നളന്ദ ബന്തി കൃഷി നടത്തിയത്. 
കാര്യമായ അധ്വാനം കൂടാതെ വന്‍തോതില്‍ പൂക്കള്‍ ഉല്‍പ്പാദിപ്പിക്കാനും വിപണന മേഖലയെ മെച്ചപ്പെടുത്താനും ഈ കൃഷി സമ്പ്രദായം വിലപ്പെട്ട അനുഭവമാണെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലില വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമ ബിനു, പഞ്ചായത്ത് മെമ്പര്‍മാരായ പ്രീതി, പോള്‍ തോമസ്, സുരേഷ്‌കുമാര്‍ കൃഷി അസി. ഡയറക്ടര്‍ പി.പി ശോഭ, കൃഷി ഓഫീസര്‍ ലിറ്റി വര്‍ഗീസ്, കൃഷി അസിസ്റ്റന്റ് അജിമോന്‍, കര്‍ഷകന്‍ സുന്ദരന്‍ നളന്ദ, കര്‍ഷകരായ മോഹനന്‍ അമ്പാടി, രാജപ്പന്‍ അരുണ്‍ ഭവനം, സജി തട്ടാന്റെതറ എന്നിവര്‍ പങ്കെടുത്തു.