Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനവാസ കേന്ദ്രത്തില്‍ മാലിന്യ നിക്ഷേപം; പ്രതിഷേധവുമായി നാട്ടുകാര്‍
02/09/2022
ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറേക്കര റേഷന്‍ കടക്ക് സമീപം നടുവരമ്പ് റോഡരുകില്‍ പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി കാറ്ററിങ് മാലിന്യങ്ങള്‍ തള്ളിയ നിലയില്‍.

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തില്‍ മാലിന്യം നിക്ഷേപിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പടിഞ്ഞാറേക്കര റേഷന്‍ കടക്ക് സമീപം നടുവരമ്പ് റോഡരുകിലാണ് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കിയ കാറ്ററിങ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. തെരുവ് നായ ശല്യം ഏറെയുള്ള പ്രദേശത്ത് സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്ന വിധമാണ് മാലിന്യ നിക്ഷേപം. ഭക്ഷണ മാലിന്യങ്ങള്‍, ഡിസ്‌പോസിബിള്‍ പ്ലൈയിറ്റ്, ഗ്ലാസ് എന്നിവയാണ് കൊണ്ടുവന്നു തളളിയിരിക്കുന്നത്. തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ എത്തി ഇവ കടിച്ച് കീറി റോഡിലും സമീപത്തെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കൊണ്ടിടുന്നത് മൂലമുണ്ടാകുന്ന ദുര്‍ഗന്ധം മൂലം മൂക്ക് പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മഴക്കാലം ശക്തമായതോടെ മാലിന്യങ്ങള്‍ കൂടുതല്‍ ജീര്‍ണിച്ച് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെ വരാന്‍ സാധ്യത ഏറെയാണ്. മാലിന്യകൂമ്പാരം നീക്കം ചെയ്യണമെന്ന് കാണിച്ച് നാട്ടുകാര്‍ ആരോഗ്യ വകുപ്പ്, പോലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. മാലിന്യങ്ങളിലെ ഡിസ്‌പോസിബിള്‍ പ്ലൈയിറ്റുകളില്‍ നിന്നുള്ള സ്റ്റിക്കറുകളില്‍ നിന്നും വാങ്ങിയ സ്ഥലവും ഉപയോഗിച്ചവരെയും കണ്ടെത്തണമെന്നും ഇവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.