Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പേപട്ടി ആക്രമണം വര്‍ധിക്കുന്നു: അടിയന്തിര നടപടി വേണമെന്ന് സിപിഐ
28/08/2022

വൈക്കം: ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന പേപട്ടി ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരുവ് നായ വിഷയത്തില്‍ അധികൃതര്‍ അടിയന്തിര പരിഹാരം കാണണമെന്ന് സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നായ്ക്കളുടെ ആക്രമണം ഭയന്ന് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കത്തും സമീപ പഞ്ചായത്തുകളിലുമായി നാല്‍പതോളം പേര്‍ക്കാണ് കടിയേറ്റത്. ആളുകളെ കടിച്ച നായ്ക്കള്‍ വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നു. ഈ നായ്ക്കളിലെല്ലാം പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. വൈക്കം ടൗണിലും പോലീസ് സ്റ്റേഷന്‍, ആശുപത്രി, ബസ് സ്റ്റാന്റ്, സ്‌കൂളുകള്‍ എന്നിവയുടെ പരിസരങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. പോലീസ് സ്റ്റേഷനുമുന്നിലെ ബസ് ബേയും കെഎസ്ആര്‍ടിസി ഡിപ്പോയുമെല്ലാം നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. പലപ്പോഴും യാത്രക്കാര്‍ തലനാരിഴക്കാണ് കടിയേല്‍ക്കാതെ രക്ഷപെടുന്നത്. പുലര്‍ച്ച വൈക്കം ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കും പത്രവിതരണക്കാര്‍ക്കു നേരെയും ഇവ ചീറിപ്പാഞ്ഞെത്താറുണ്ട്. സന്ധ്യ മയങ്ങിയാല്‍ ഗ്രാമീണ മേഖലയിലെ റോഡുകളും തുറസായ സ്ഥലങ്ങളുമെല്ലാം തെരുവ് നായ്ക്കള്‍ കയ്യടക്കും. ഇരുചക്രവാഹന-സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമാണ് തെരുവ് നായ്ക്കള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച് പേ വിഷബാധക്കെതിരായ കുത്തിവെയ്പ്പ് നല്‍കി അവയെ പിടിച്ച സ്ഥലത്തുതന്നെ തിരികെ വിടുന്ന എ.ബി.സി പദ്ധതിയാണ് ഇതിനെതിരെയുള്ള നിലവിലുള്ള മാര്‍ഗം. എന്നാല്‍ നായ്ക്കളുടെ ആക്രമണം ഉണ്ടാകുമ്പോള്‍ മാത്രമാണ് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. ഇത് തെരുവ് നായ്ക്കളുടെ വര്‍ധനവിന് കാരണമാകുന്നുണ്ട്. തുടര്‍ച്ചയായി പദ്ധതി നടപ്പിലാക്കുന്നതിലൂടെ മാത്രമേ നായ്ക്കളുടെ എണ്ണം ഗണ്യമായി കുറക്കുന്നതിനും ആക്രമണ സ്വഭാവം ലഘൂകരിക്കുന്നതിനും കഴിയുകയുള്ളു. ഇക്കാര്യത്തില്‍ അധികാരികള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വലിയകവല പി കൃഷ്ണപിള്ള സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, പി.കെ കൃഷ്ണന്‍, ആര്‍ സുശീലന്‍, ടി.എന്‍ രമേശന്‍ പി സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, പി പ്രദീപ്, കെ അജിത്ത്, എന്‍ അനില്‍ ബിശ്വാസ്, എ.സി ജോസഫ്, ഡി രഞ്ജിത് കുമാര്‍, പി.എസ് പുഷ്‌കരന്‍ എന്നിവരടങ്ങുന്ന പുതിയ മണ്ഡലം സെക്രട്ടറിയേറ്റിനെയും അസി. സെക്രട്ടറിയായി പി പ്രദീപിനെയും യോഗം തെരഞ്ഞെടുത്തു.