Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണത്തെ വരവേല്‍ക്കാനൊരുങ്ങി വൈക്കത്തെ പൂപ്പാടങ്ങള്‍
27/08/2022
നിറവ് പദ്ധതിയുടെ ഭാഗമായുള്ള മറവന്‍തുരുത്തിലെ പുഷ്പകൃഷി സന്ദര്‍ശിക്കുന്ന വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്തും കൃഷി അസി. ഡയറക്ടര്‍ പി.പി. ശോഭയും സംഘവും.

വൈക്കം: കാഴ്ചയുടെ വസന്തം തീര്‍ത്ത് ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി വൈക്കത്തെ പൂപ്പാടങ്ങള്‍. ഓണവിപണി ലക്ഷ്യമാക്കി 'നിറവ്' പദ്ധതിയുടെ രണ്ടാം ഘട്ടമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച 'ഓണത്തിന് ഒരു കുട്ട പൂവ്' പദ്ധതിയ്ക്ക് നൂറുമേനി വിളവ്. മറവന്‍തുരുത്ത്, ചെമ്പ്, ടി.വി പുരം, ഉദയനാപുരം, വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലായി 15 ഏക്കറോളം ഭൂമിയിലാണു പുഷ്പകൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത്, കൃഷി വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കിയ പദ്ധതിയില്‍ ഓരോ ഗ്രാമപഞ്ചായത്തുകളിലും കുടുംബശ്രീ, പുരുഷസ്വയംസഹായ സംഘങ്ങള്‍ തുടങ്ങി അന്‍പതോളം വര്‍ക്കിങ് ഗ്രൂപ്പുകളാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. എട്ടുലക്ഷം രൂപ ചെലവഴിച്ച പദ്ധതിയില്‍ പൂര്‍ണമായും ജൈവവളം ഉപയോഗിച്ച് ബന്ദി, ജമന്തി പൂക്കളാണ് പ്രധാനമായും കൃഷി ചെയ്തത്. അത്തം മുതല്‍ പൂക്കള്‍ വിപണിയില്‍ എത്തിക്കാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം. ഓണക്കാലത്ത് ഇതരസംസ്ഥാനങ്ങളില്‍നിന്നും പൂക്കള്‍ ഇറക്കുമതി ചെയ്യാതെ മിതമായ നിരക്കില്‍ പൂക്കള്‍ ലഭ്യമാക്കാനാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് പറഞ്ഞു.