Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-വെച്ചൂര്‍ റോഡ് വികസനം: സര്‍വേ ജോലികള്‍ തുടങ്ങി
26/08/2022
വൈക്കം-വെച്ചൂര്‍ റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായുള്ള സര്‍വേ ജോലികള്‍ക്കായി എത്തിയ ഉദ്യോഗസ്ഥര്‍ സി.കെ ആശ എംഎല്‍എയുമായി ചര്‍ച്ച നടത്തുന്നു. 

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായുള്ള സര്‍വേ ജോലികള്‍ ആരംഭിച്ചു. സ്ഥലം ഉടമകള്‍ക്ക് രണ്ട് മാസം മുമ്പ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയിരുന്നു. മൂന്നു ഘട്ടങ്ങളിലായി രണ്ടുമാസം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാകുന്ന തരത്തിലാണ് സര്‍വേ ആസൂത്രണം ചെയ്തിരിക്കുന്നത്. സി.കെ ആശ എംഎല്‍എയുടെ ആവശ്യപ്രകാരം സര്‍വേ ജോലികള്‍ക്കായി പുതിയ സര്‍വേയര്‍മാരെയും ആവശ്യമായ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലായി 15 ഏക്കര്‍ സ്ഥലമാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഓരോ സ്ഥല ഉടമകളുടെയും സര്‍വേ നമ്പരുകള്‍ പരിശോധിച്ച് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തി പരിധി നിശ്ചയിക്കും. പിന്നീട് ആധാരമുള്‍പ്പടെയുള്ള രേഖകള്‍ പരിശോധിച്ച് ഓരോ വ്യക്തിയ്ക്കുമുള്ള തുക കൈമാറി സ്ഥലം ഏറ്റെടുക്കും. സ്ഥലം നഷ്ടമാകുന്ന വസ്തു ഉടമകള്‍ക്ക് മാര്‍ക്കറ്റ് വിലയുടെ ഇരട്ടിയോളം തുക നഷ്ടപരിഹാരമായി ലഭിക്കും. ഇതിനുപുറമേ ഏറ്റെടുക്കപ്പെടുന്ന വസ്തുവിലെ കെട്ടിടങ്ങള്‍ക്കും, വൃക്ഷങ്ങള്‍ക്കും മതിയായ പരിഹാരവും ലഭ്യമാകും. ഇത്തരത്തില്‍ എഴുപത്തഞ്ച് ശതമാനം ആളുകളുടെ എല്‍.എ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ റോഡ് വികസനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുമെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു.
ഇതിനാവശ്യമായ തുക ഉള്‍പ്പെടെ 93.73 കോടി രൂപയാണ് വൈക്കം-വെച്ചൂര്‍ റോഡ് വികസനത്തിനായി കിഫ്ബി അനുവദിച്ചിരിക്കുന്നത്. മറവന്‍തരുത്തില്‍ പ്രവര്‍ത്തിക്കുന്ന കിഫ്ബി ഭൂമി ഏറ്റെടുക്കല്‍ തഹദില്‍ദാരുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. തോട്ടകം മുതല്‍ കൈപ്പുഴമുട്ട് വരെ 12 കിലോമീറ്റര്‍ നീളത്തില്‍ 13 മീറ്റര്‍ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ വൈക്കം-വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലത്തിന്റെ പുനര്‍നിര്‍മാണ ജോലികളും റോഡ് വികസനത്തിന്റെ ഒന്നാംഘട്ട പദ്ധതിയില്‍പെടുത്തി പുരോഗമിക്കുകയാണ്. നാലു കോടി രൂപ ചെലവഴിച്ചാണ്പുതിയ പാലം നിര്‍മിക്കുന്നത്.
വൈക്കം വെച്ചൂര്‍ റോഡിന്റെ സ്ഥലമേറ്റെടുക്കലിനുള്ള സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിച്ചതോടെ പൂവണിയുന്നത് വൈക്കത്തിന്റെ ചിരകാല സ്വപ്നമാണ്. റോഡ് വീതികൂട്ടി പുനര്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വൈക്കത്തിന്റെ ഗതാഗത മേഖലയില്‍ കാലാകാലങ്ങളില്‍ വന്ന വികസനങ്ങളുടെ ഭാഗമായി വൈക്കം-പൂത്തോട്ട റോഡും വൈക്കം-ഏറ്റുമാനൂര്‍ റോഡും നഗരമധ്യത്തിലെ റോഡുകളുമെല്ലാം മികച്ച നിലവാരത്തിലായിട്ടും സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പലവിധ നൂലാമാലകള്‍ മൂലം വൈക്കം-വെച്ചൂര്‍ റോഡിന് മാത്രം കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ല.
എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്ന് വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുമരകത്തേക്ക് പോകാന്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. റോഡിന് വീതി കുറവായതിനാല്‍ അപകടങ്ങളും ഇവിടെ പതിവാണ്. ടിപ്പറുകള്‍ തന്നെ നിരവധി ജീവനുകള്‍ കവര്‍ന്നിട്ടുണ്ട്. ഈ അവസ്ഥ ചൂണ്ടിക്കാട്ടി എംഎല്‍എ നില്‍കിയ നിവേദനത്തെ തുടര്‍ന്നാണ് വൈക്കം-വെച്ചൂര്‍ റോഡ് വീതികൂട്ടി ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പെടുത്തി തുക അനുവദിക്കുന്നത്. നിരന്തര ഇടപെടലുകളെ തുടര്‍ന്ന് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം പദ്ധതിക്ക് അംഗീകാരം നല്‍കി. ചുവപ്പുനാടകള്‍ പിന്നിട്ട് റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വേയിലേക്ക് കടന്നതോടെ പ്രതീക്ഷയുടെ പുതുവെളിച്ചത്തിലാണ് വൈക്കം നിവാസികള്‍.