Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിറ്റുതുലക്കുന്നു: പി.സി ഉണ്ണിച്ചെക്കന്‍
24/08/2022
മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ റെഡ് ഫ്ളാഗ് വൈക്കം ബോട്ട് ജെട്ടി മൈതാനിയില്‍ സംഘടിപ്പിച്ച പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാജ്യത്തെ സംഘ്പരിവാര്‍ ശക്തികള്‍ മത്സരിച്ച് വിറ്റുതുലക്കുകയാണെന്ന് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ റെഡ് ഫ്ളാഗ് സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കന്‍. പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം വൈക്കം ബോട്ട് ജെട്ടി മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കെതിരെ ജനാധിപത്യം ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചുനിന്ന് പോരാടേണ്ടതുണ്ട്. അല്ലാത്തപക്ഷം ശ്രീലങ്കയില്‍ സംഭവിച്ചതുപോലെ ഇവിടെയും നടന്നേക്കും. വിലക്കയറ്റം കൊണ്ടും തൊഴില്‍ ഇല്ലായ്മ കൊണ്ടും ജനം പൊറുതിമുട്ടി നില്‍ക്കുമ്പോഴും രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായും വിറ്റു തുലയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം രാജ്യത്തിന്റെ സ്വന്തം ബാങ്കായ എസ്.ബി.ഐ പോലും ഇല്ലാതെവരുന്ന അവസ്ഥയാണ്. ലോകരാജ്യങ്ങള്‍ വരെ മാനിക്കുന്ന നമ്മുടെ പാര്‍ലമെന്റിനെ പോലും നരേന്ദ്രമോദി നിശബ്ദമാക്കുകയാണെന്നും ഉണ്ണിച്ചെക്കന്‍ പറഞ്ഞു. ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ദേശീയ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്തയാളാണ് പി കൃഷ്ണപിള്ള. കോഴിക്കോട് കടപ്പുറത്തെ ഉപ്പ് കുറുക്കല്‍ സമരത്തില്‍ ഉള്‍പ്പെടെ അദ്ദേഹം വഹിച്ച പങ്ക് ചരിത്രത്തില്‍ എക്കാലവും തിളങ്ങി നില്‍ക്കുമെന്നും പി.സി ഉണ്ണിച്ചെക്കന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി എം.കെ ദിലീപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എസ് രാജു, കെ.വി ഉദയഭാനു, സലിം ബാബു എന്നിവര്‍ പ്രസംഗിച്ചു.