Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു
21/11/2015
തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നത് സാധാരണകുടുംബങ്ങളെ വലയ്ക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവരുടെ ശല്യം നിരവധി കുടുംബങ്ങളെയാണ് വഴിയാധാരമാക്കിയിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് ബ്ലേഡ് മാഫിയയുടെ ശല്യംമൂലം സുനില്‍ എന്ന യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കിയിരുന്നു. നിരന്തരം ഇവര്‍ വീട്ടില്‍ കയറി ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം നിലനില്‍പിനായി കേഴുകയാണ്. വെട്ടിക്കാട്ട്മുക്കില്‍ തുണിക്കച്ചവടം നടത്തുന്ന വ്യാപാരിയും ഇവരുടെ ശല്യംമൂലം കഴിഞ്ഞ ദിവസം ഹൃദയാഘാതംമൂലം മരിച്ചിരുന്നു. 10000 രൂപ മുതല്‍ ലക്ഷങ്ങള്‍ വായ്പയെടുത്തിരിക്കുന്ന കച്ചവടക്കാരും നിര്‍മാണമേഖലയിലും മണല്‍ മേഖലയിലുമെല്ലാം പണിയെടുക്കുന്നവരുമാണ് കൂടുതലായി ഇവരുടെ വലയില്‍ പെട്ടിരിക്കുന്നത്. കൊള്ളപ്പലിശയാണ് ഇവര്‍ ഈടാക്കുന്നത്. പലരും കുടുംബത്തിന്റെ ആധാരവും ചെക്ക് ലീഫുകളും മുദ്രപത്രങ്ങളുമെല്ലാം നല്‍കിയാണ് പണം വായ്പയെടുക്കുന്നത്. ആദ്യം അഞ്ച് ശതമാനം പലിശക്കാണ് പണം നല്‍കുന്നത്. എന്നാല്‍ തവണകള്‍ മുടങ്ങിയാല്‍ അഞ്ച് ശതമാനമെന്നത് പിന്നീട് പത്താക്കി ഉയര്‍ത്തുന്നു. ഇവിടെയാണ് സാധാരണക്കാര്‍ കുടുങ്ങുന്നത്. 10000 രൂപ വായ്പ എടുത്തവര്‍ ഇതിന്റെ ഇരട്ടി പലിശ നല്‍കിക്കഴിഞ്ഞിട്ടും മുതലിലേക്ക് ഒരു തുക പോലും വരവുവെച്ചു കൊടുക്കുവാന്‍ മാഫിയ തയ്യാറാകുന്നില്ല. ഓപ്പറേഷന്‍ കുബേര സജീവമായിരുന്ന സമയത്ത് മാഫിയകള്‍ ഒരു പരിധി വരെ ഒതുങ്ങിയിരുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചവരും ചില പോലീസുകാരുമെല്ലാം ഇപ്പോള്‍ ബ്ലേഡ് നടത്തുകയാണ്. ഭീഷണി ഭയന്ന് പലരും ഇത് പുറത്തുപറയാന്‍ മടിക്കുന്നു. പഞ്ചായത്തിലെ തലയോലപ്പറമ്പ്, വെട്ടിക്കാട്ട്മുക്ക്, വടകര, അടിയം, മിഠായിക്കുന്നം, വടയാര്‍, കോരിക്കല്‍, പഴമ്പെട്ടി, മാത്താനം പ്രദേശങ്ങളിലാണ് ബ്ലേഡ് മാഫിയകളുടെ സജീവഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ ബന്ധപ്പെട്ടവര്‍ ഇനിയും വൈകിയാല്‍ സാധാരണ കുടുംബങ്ങളും കച്ചവടക്കാരുമെല്ലാം വഴിയാധാരമാകുമെന്നുള്ള കാര്യം ഉറപ്പാണ്.