Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീണ്ടും പേപട്ടി ആക്രമണം; ഭയന്നുവിറച്ച് ജനം
21/08/2022

വൈക്കം: വൈക്കത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പേപട്ടി ആക്രമണം വ്യാപകമായതോടെ ജനങ്ങള്‍ ഭീതിയില്‍. ശനിയാഴ്ച ചെമ്പില്‍ 10 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. വൈകിട്ട് അഞ്ചിനാണ് ചെമ്പ് പോസ്റ്റ് ഓഫീസിനുസമീപമാണ് സംഭവം. വിറളി പിടിച്ചോടിയ നായ ആളുകളെ ആക്രമിക്കുകയായിരുന്നു. 12-ാം വാര്‍ഡില്‍ താമസിക്കുന്ന ബ്ലാത്തിത്തറയില്‍ സൗദാമിനി ഹരിദാസന്‍, കാരായിക്കുറ്റ് ഹരീഷ്, മുണ്ടില്‍ കമലന്‍, പുത്തന്‍ പറമ്പില്‍ ബിനു, 13-ാം വാര്‍ഡില്‍ താമസിക്കുന്ന വെള്ളശേരില്‍ ഗോപി, പാടത്ത് വിശ്വന്‍, ഗീതാലയത്തില്‍ ഗിരീഷ്, പരോട്ട് പറമ്പില്‍ ജയന്‍, മകന്‍ അനന്തു എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവര്‍ വൈക്കം താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലുമായി ചികിത്സ തേടി. വൈക്കം താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ കുറുപ്പന്‍ വീട്ടില്‍ നവാസിനെ നായ ആക്രമിച്ചെങ്കിലും കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അക്രമാസക്തനായി പരക്കംപാഞ്ഞ നായ വഴിയോരത്തു കണ്ട മറ്റ് തെരുവുനായ്ക്കളെയും കടിച്ചതോടെ ജനം പരിഭാന്ത്രിയിലാണ്. തലയോലപറമ്പില്‍ നിന്നും നായപിടുത്തത്തില്‍ വിദഗ്ധരായവര്‍ എത്തിയാണ് നായയെ പിടികൂടിയത്. നായ പിന്നീട് ചത്തു. ഞായറാഴ്ച നായയുടെ ജഡം വിദ്ഗധ പരിശോധനയ്ക്കായി തിരുവല്ലയിലെ വൈറോളജി ലാബിലേക്ക് അയച്ചു.
തലയോലപ്പറമ്പില്‍ കഴിഞ്ഞ വ്യാഴാഴ്ച 11 പേരെയും നിരവധി നായ്ക്കളെയും വളര്‍ത്തുമൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചിരുന്നു. ആളുകളെ കടിച്ച നായ പിന്നീട് വണ്ടിയിടിച്ച് ചാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തെരുവ് നായക്ക് അതിതീവ്ര പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ അസ്വാഭാവികമായി ചത്ത മൃഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭൂരിഭാഗത്തിനും പേവിഷബാധ കണ്ടെത്തി. ഇവയ്ക്ക് ആളുകളെ കടിച്ച തെരുവ് നായയുടെ കടിയേറ്റതാവാമെന്ന നിഗമനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അടുത്തിടെ വൈക്കത്തും വെച്ചൂരിലും ആളുകളെ കടിച്ച നായ്ക്കള്‍ക്കും പേവിഷബാധ ഉണ്ടായിരുന്നു. ഈ വര്‍ഷം ഇതുവരെ അസ്വാഭാവികമായി ചത്ത 33 മൃഗങ്ങളില്‍ 19 എണ്ണത്തിനും പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും തെരുവ് നായ്ക്കളാണ്. തെരുവ് നായ്ക്കളില്‍ വ്യാപകമായി പേവിഷബാധ പിടിപെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.