Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മാരുതി എര്‍ട്ടിക കാറും വഴിയരികില്‍ പാര്‍ക്കുചെയ്തിരുന്ന രണ്ട് ബൈക്കുകളും തകര്‍ത്ത് കടയിലേക്ക് ഇടിച്ചുകയറി.
18/04/2016
വൈക്കം-വെച്ചൂര്‍ റോഡിലെ ബണ്ട് റോഡ് ജംഗ്ഷനുസമീപം ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയ നിലയില്‍

കുമരകം ഭാഗത്തുനിന്ന് പെട്രോള്‍ നിറയ്ക്കാന്‍ എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മാരുതി എര്‍ട്ടിക കാറും വഴിയരികില്‍ പാര്‍ക്കുചെയ്തിരുന്ന രണ്ട് ബൈക്കുകളും തകര്‍ത്ത് കടയിലേക്ക് ഇടിച്ചുകയറി. കടയുടെ മുന്നില്‍ നിന്നിരുന്ന മരത്തില്‍ ലോറി തട്ടിയതുകൊണ്ടാണ് വന്‍അപകടം ഒഴിവായത്. ഇന്നലെ വൈകുന്നേരം 3.45ന് ചേര്‍ത്തല-വൈക്കം റോഡിലെ ബണ്ട് റോഡ് ജംഗ്ഷനുസമീപത്താണ് അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബൈക്കുകളും കടയുടെ മുന്‍ഭാഗവും പൂര്‍ണമായി തകര്‍ന്നു. കാറില്‍ ഉണ്ടായിരുന്ന ഏഴ് യാത്രക്കാരില്‍ മൂന്ന് പേര്‍ക്ക് സാരമായ പരുക്കേററു. മാവേലിക്കരയില്‍നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് ചേര്‍ത്തല വഴി കോട്ടയത്തേക്ക് പോവുകയായിരുന്ന കുമാരനല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കുമാരനല്ലൂര്‍ ഗീതാഭവനില്‍ സുരേഷ്, ഭാര്യ ഗീത, മകന്‍ അര്‍ജുന്‍, ഗീതയുടെ സഹോദരി എന്നിവര്‍ക്കാണ് പരുക്കേററത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ തിരുവല്ല ബേബി സദനത്തില്‍ സൗജിത്ത് നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുടവെച്ചൂര്‍ പാററുവീട്ടില്‍ രാജേന്ദ്രന്‍-ഷീബ ദമ്പതികളുടെ മുട്ടക്കടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന രാജേന്ദ്രന്റെയും മുട്ട വാങ്ങാന്‍ എത്തിയ ആളുടെ ബൈക്കുമാണ് അപകടത്തില്‍ തകര്‍ന്നത്.
അപകടം നടന്ന ഉടന്‍ ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ഓടി രക്ഷപെട്ടു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ പറയുന്നു. ഒരു മണിക്കൂറോളം റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. വൈക്കം ഫയര്‍ ഫോഴ്‌സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.