Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഇണ്ടംതുരുത്തി മന ചെത്തുതൊഴിലാളികളുടെ സ്വന്തമായത് ചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍'
14/08/2022
വൈക്കം സത്യാഗ്രഹ സമരത്തിന്റെ ഭാഗമായ ഇണ്ടംതുരുത്തി മനയില്‍ എ.ഐ.ടി.യു.സി നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗാന്ധിജിക്ക് പോലും പ്രവേശനം നിഷേധിച്ച ഇണ്ടംതുരുത്തി മന ചെത്തുതൊഴിലാളികളുടെ സ്വന്തമായത് ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണെന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് മനയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
വൈക്കത്തെ ഏറ്റവും പ്രബലമായ നാടുവാഴി കുടുംബമായിരുന്നു ഇണ്ടംതുരുത്തി മന. ചേരുമേല്‍ ജനം എന്നറിയപ്പെടുന്ന 48 ബ്രാഹ്മണ ഇല്ലങ്ങളുടെ മേല്‍ക്കോയ്മ ഇണ്ടംതുരുത്തി മനയ്ക്കായിരുന്നു. വൈക്കം മഹാദേവ ക്ഷേത്രം ഇണ്ടംതുരുത്തി മനയുടെ ഊരാഴ്മ ക്ഷേത്രമായിരുന്നു. വൈക്കം സത്യഗ്രഹത്തെ എതിര്‍ത്തിരുന്ന സവര്‍ണപക്ഷത്തിന്റെ നായകന്‍ മനയിലെ നമ്പ്യാതിരിയായിരുന്നു. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാനായി 1925 മാര്‍ച്ച് ഒന്‍പതിന് ഗാന്ധിജി ബോട്ട്മാര്‍ഗം വൈക്കത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നീലകണ്ഠന്‍ നമ്പ്യാതിരിയുമായി ഗാന്ധിജി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചു. ഇണ്ടംതുരുത്തി മനയിലെ കാരണവരെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും നാം അങ്ങോട്ടുപോയി ആരെയും കാണാറില്ലെന്നും നമ്മെ കാണേണ്ടവര്‍ക്ക് ഇല്ലത്തേക്ക് വരാമെന്നും അറിയിച്ചു. അടുത്ത ദിവസം ഗാന്ധിജി പരിവാരസമേതം മനയില്‍ എത്തി. ഗാന്ധിജി വൈശ്യസമുദായത്തില്‍പെട്ട ആളായിരുന്നതിനാല്‍ മനയ്ക്കുള്ളില്‍ പ്രവേശിപ്പിക്കാതെ പ്രത്യേകം നിര്‍മിച്ച പൂമുഖത്ത് ഇരുത്തിയാണ് സംഭാഷണം നടത്തിയത്. അതേസമയം ഗാന്ധിജി മടങ്ങിയ ഉടനെ അവിടെ ശുദ്ധികലശം നടത്താന്‍ ഇണ്ടംതുരുത്തിയിലെ കാരണവര്‍ മറന്നില്ല.
1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഭൂപരിഷ്‌കരണ നടപടികളെത്തുടര്‍ന്ന് പ്രതിസന്ധിയിലായി സാമ്പത്തികമായി തകര്‍ന്നു. നീലകണ്ഠന്‍ നമ്പ്യാതിരിയുടെ കാലശേഷം ഇല്ലത്തിന്റെ അവകാശിയായ വാസുദേവന്‍ നമ്പ്യാതിരിയ്ക്ക് മകളുടെ വിവാഹത്തിന് ഇല്ലം വില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലാതായി. രണ്ടു പേരാണ് മന വാങ്ങുന്നതിന് തയ്യാറായി തിരുമേനിയെ സമീപിച്ചത്, യൂണിയനുവേണ്ടി സി.കെ വിശ്വനാഥനും എറണാകുളം അരമനയിലെ ബിഷപ്പും. കാര്യസ്ഥന്മാരും ഉപദേശകരുമായി കൂടിയാലോചിച്ച് യൂണിയനു നല്‍കാനാണ് നമ്പ്യാതിരി തീരുമാനിച്ചത്. അങ്ങനെയാണ് സി.കെ വിശ്വനാഥന്റെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനുവേണ്ടി 1964 മെയ് 22ന് മന വിലയ്ക്കു വാങ്ങിയത്. വൈക്കം സത്യഗ്രഹവുമായി ചരിത്രപരമായി ബന്ധവുമുള്ള ഈ മന കേടുപാടുമാറ്റി പഴയ രൂപത്തില്‍ തന്നെ പുതുക്കി പണിത് യൂണിയന്‍ സംരക്ഷിക്കുകയാണ്.
പിന്നോക്ക ജാതിയില്‍പ്പെട്ടവര്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും വളരെ ദൂരെ നിന്നു നോക്കിക്കാണാന്‍ മാത്രം അവകാശമുണ്ടായിരുന്ന മന യൂണിയന്‍ സ്വന്തമാക്കിയ ദിവസമുളള പ്രവേശനം ഒരു ഉത്സവമായിരുന്നു. ഇന്ന് എല്ലാ വിഭാഗം ആളുകള്‍ക്കും പ്രവേശനമുള്ള ഒരു ചരിത്രസ്മാരകമായി ഇണ്ടംതുരുത്തി മന മാറിക്കഴിഞ്ഞു. വൈക്കം സത്യഗ്രഹ സമരത്തിന്റെ ചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ ഇണ്ടംതുരുത്തി മനയില്‍ എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.കെ വിശ്വാനാഥന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ചെത്തുതൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അക്കരപ്പാടം ശശി, സി.കെ ആശ എം.എല്‍.എ, എബ്രഹാം പഴയകടവന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, കെ.എസ് മാഹിന്‍, സിറിയക്, കെ.കെ രാജു, എം.കെ രവീന്ദ്രന്‍, ജോണ്‍ വളവത്ത്, എബ്രഹാം പഴയകടവന്‍, ആര്‍ സുശീലന്‍, ജോണ്‍ വി ജോസഫ്, സാബു പി മണലൊടി, പി.ജി തൃഗുണസെന്‍, പി.എസ് പുഷ്പമണി എന്നിവര്‍ പ്രസംഗിച്ചു.